നാടു മുഴുവന്‍ കൊറോണ ഭീതിയില്‍, അതിനിടെ അവധിക്കാലം ആഘോഷമാക്കാന്‍ കുമരകത്തേക്ക് വിനോദയാത്ര; അഞ്ച് യുവാക്കള്‍ പിടിയില്‍

തൃശ്ശൂര്‍: ഇന്ത്യ മുഴുവന്‍ കൊറോണ ഭീതിയിലാണ്. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയിലാണ് രാജ്യം. അതിനിടെ അവധിക്കാലം ആഘോഷമാക്കി മാറ്റാന്‍ കുമരകത്തേക്ക് വിനോദയാത്ര പോയ യുവാക്കളെ പോലീസ് പിടികൂടി.

പാലക്കാട് സ്വദേശികളായ അഞ്ചുപേരാണ് പോലീസ് പിടിയിലായത്. കുമരകത്തേക്ക് പോകുന്ന വഴി ഇന്നലെ ഉച്ചയോടെ തൃശ്ശൂരിലെത്തിയ യുവാക്കളെ നടുവിലാലിന് സമീപത്തുവെച്ച് സിഐ ലാല്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്.

തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ യുവാക്കളോട് യാത്രയുടെ ഉദ്ദേശം തിരക്കി. ടൂറിന് പോകുകയാണെന്നായിരുന്നു ഇവരുടെ മറുപടി. നിര്‍ദേശങ്ങളും വിലക്കുകളുമെല്ലാം ലംഘിച്ച് വിനോദയാത്രയ്ക്ക് തിരിച്ച യുവാക്കളെ പോലീസ് കൈയ്യോടെ പിടികൂടി
സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് കറങ്ങാനിറങ്ങിയതിന്റെ പേരില്‍ പോലീസ് നിയമത്തിലെ 118 (ഇ) വകുപ്പ് പ്രകാരം പൊതുശല്യമുണ്ടാക്കിയതിനും ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തു. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ നിരവധിയാണ്. ഇത്തരത്തിലുള്ള നിരവധി പേര്‍ക്കെതിരെയാണ് പോലീസ് ഇതിനോടകം കേസെടുത്തിരിക്കുന്നത്.

Exit mobile version