കോഴിക്കോട് കൊറോണ കേസുകള്‍ കൂടുന്നു; ബീച്ച് ആശുപത്രി സമ്പൂര്‍ണ കൊറോണ അശുപത്രിയാക്കി മാറ്റുമെന്ന് കളക്ടര്‍

കോഴിക്കോട്: ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ബീച്ച് ആശുപത്രി സമ്പൂര്‍ണ കൊറോണ അശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു. ഇത് സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

നിലവില്‍ ജില്ലയില്‍ നാല് കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്ടാക്ടുകള്‍ കണ്ടെത്തി കഴിഞ്ഞു. എല്ലാവരും നിരീക്ഷണത്തിലാണെന്നും സുരക്ഷിതരാണെന്നും കളക്ടര്‍ പറഞ്ഞു.

രോഗികളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് ബിച്ച് ആശുപത്രി കൊറോണ ആശുപത്രിയാക്കി മാറ്റുന്നത്. രോഗ ലക്ഷണങ്ങളോടെ എത്തുന്നവരുടെ അഡ്മിഷന്‍ മെഡിക്കല്‍ കോളേജില്‍ മാത്രമായിരിക്കും. പോസിറ്റീവ് കേസിലെ ഗുരുതരമല്ലാത്തവരെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റുമെന്നും മറ്റുള്ളവര്‍ മെഡിക്കല്‍ കോളേജില്‍ തന്നെ തുടരുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട എല്ലാവിധ നടപടികളും ആരംഭിച്ചിട്ടുണ്ട്. കൊറോണ അവശ്യവസ്തുക്കള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സിവില്‍ സപ്ലൈസ് ജില്ലയില്‍ മൂന്ന് കണ്ട്രോള്‍ റൂമുകള തുറന്നുവെന്നും സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version