അപ്പോൾ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും? അത് ആലോചിക്കുമ്പോൾ വീട്ടിലിരിപ്പുറയ്ക്കില്ല; ഫ്ളാറ്റിൽ വേസ്റ്റ് എടുക്കാൻ വന്ന ചേച്ചിയുടെ മറുപടി മനസ് നിറച്ചെന്ന് അരുൺ ഗോപി

കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും എല്ലാവരും വീട്ടിലിരിക്കുകയും ചെയ്യുമ്പോൾ നമ്മുടെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ചിലരെ കൂടി ഓർക്കണമെന്ന് സംവിധായകൻ അരുൺ ഗോപി. സ്വന്തം സുരക്ഷ നോക്കാതെ ഈ സമയത്തും തൊഴിലെടുക്കുന്ന ചിലരെ ഓർമ്മിപ്പിക്കുകയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അരുൺ.

അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് ഫ്‌ലാറ്റിൽ വേസ്റ്റ് എടുക്കാൻ വന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ..!! അവരെന്നെ നോക്കി അർത്ഥഭംഗമായി ഒന്ന് ചിരിച്ചു ആ ചിരിയുടെ പിന്നാമ്പുറത്തു പറയാൻ പലതുമുണ്ടെന്നു അപ്പോൾ തന്നെ പിടികിട്ടി, അതുകൊണ്ടു തന്നെ ചോദിച്ചു… എന്തെ പറഞ്ഞത് ഇഷ്ട്ടായില്ലേ..?? ഉടൻ മറുപടി വന്നു ‘അയ്യോ അതുകൊണ്ടല്ല പണി നിർത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോൾ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും..!! അത് ആലോചിക്കുമ്പോൾ വീട്ടിലിരിപ്പ് ഉറയ്ക്കില്ല..! പെട്ടെന്ന് എടുത്തിട്ട് പോകാന്നു വെച്ചാൽ.. എല്ലാരും വീട്ടിലായതു കൊണ്ട് സാധാരണയുടെ മൂന്നു ഇരട്ടിയ വേസ്റ്റ്…!!’ പിന്നെ ഒന്നും പറയാതെ ഒരു ദേവതയെ പോലെ അവർ ലിഫ്റ്റിലേക്കു കയറി..!

ഇതിൽക്കൂടുതൽ എന്ത് പറയാൻ!! നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങൾ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മൾ സുരക്ഷിതരായി അകത്തിരിക്കുന്നതു..! വേസ്റ്റ് പാടില്ല എന്നല്ല വേസ്റ്റിൽ പോലും ചിലർ നമ്മളോട് കാണിക്കുന്ന കരുതലുണ്ട്..! അവരേയും ഓർക്കുക.

Exit mobile version