ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ മകന്‍ നിരീക്ഷണത്തില്‍ കഴിയാതെ പുറത്തിറങ്ങി നടന്നു; അന്വേഷിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ കോഴിക്കോട് മുന്‍ മേയര്‍ക്കെതിരെ കേസ്

കോഴിക്കോട്: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നറിഞ്ഞ് അന്വേഷിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ കോഴിക്കോട് മുന്‍ മേയര്‍ എകെ പ്രേമജത്തിനെതിരെ കേസ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് കേസെടുത്തത്.

വിദേശത്തുനിന്നും നാട്ടിലെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് സര്‍ക്കാരും ആരോഗ്യവകുപ്പും അറിയിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയ പ്രേമജത്തിന്റെ മകന്‍ നിരീക്ഷണത്തില്‍ കഴിയുന്നില്ലെന്ന് പരാതി
ലഭിച്ചതോടെയാണ് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്.

എന്നാല്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ പ്രേമജത്തിന്റെ മകന്‍ പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ പ്രേമജം അപമര്യാദയായി പെരുമാറിയെന്നായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള 16 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് 28 ദിവസമാണ് നിരീക്ഷണ കാലാവധി. നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങി നടന്ന ഷാര്‍ജയില്‍ നിന്ന് വന്ന കണ്ണൂര്‍ ഇരിക്കൂര്‍ പടയങ്ങോട് സ്വദേശിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Exit mobile version