കേരളത്തില്‍ ലോക്ക് ഡൗണ്‍; ലഭ്യമാവുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും റസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങള്‍, ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാവില്ല

സംസ്ഥാനത്ത് ലഭ്യമാവുന്ന സേവനങ്ങള്‍ ഇവയൊക്കെയാണ്

– യാത്രക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം, പാതുഗതാഗതം ഉണ്ടാവില്ല. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല.
– പെട്രോള്‍ പമ്പ്, ഗ്യാസ് എന്നിവ പ്രവര്‍ത്തിക്കും
– ആശുപത്രികള്‍ പ്രവര്‍ത്തിക്കും
– സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പ്രവര്‍ത്തിക്കും
– ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കും
– ആവശ്യസാധനങ്ങള്‍ വില്‍ക്കുന്നതൊഴികെയുള്ള കടകള്‍ അടച്ചിടണം
– മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കും
– ഹോട്ടലുകള്‍ ഉണ്ടാവും. പക്ഷെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാവും
– പഴം-പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഉണ്ടാവും
– ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പമ്പ് നടത്തിപ്പുകാര്‍, അരി മില്ലുകള്‍, പാല്, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍ എന്നിവ ഉണ്ടാകും.

സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്കുകൂടിയാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലുപേര്‍ രോഗമുക്തി നേടിയതുകൂടി കണക്കിലെടുത്താല്‍ സംസ്ഥാനത്ത് ഇതുവരെ 95 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ച പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലയിലുള്ളവരാണ്. കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

Exit mobile version