കൊവിഡ് 19; പറവൂരില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ കൂടി കടന്നു കളഞ്ഞു

എറണാകുളം: സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പറവൂര്‍ പെരുവാരത്ത് കൊവിഡ് ഐസൊലേഷനിലുണ്ടായിരുന്ന രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. പെരുവാരത്ത് താമസിച്ചിരുന്ന ദമ്പതികളാണ് മുങ്ങിയത്.

യുകെയില്‍ നിന്ന് നാട്ടിലെത്തിയ ഇവര്‍ 14 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ട മെഴുവേലിയില്‍ അമേരിക്കയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേരും ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു.

സംസ്ഥാനത്ത് ഇന്നലെ മാത്രം പതിനഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 64 ആയി. കാസര്‍കോട് ജില്ലയില്‍ അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇപ്പോള്‍ വിവിധ ജില്ലകളിലായി 59,295 പേരാണ് നിരീക്ഷണത്തിലുള്ളത്.

Exit mobile version