ഒരുമിച്ചുള്ള കൈയ്യടി ശബ്ദം ഒരു മന്ത്രം, കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയകൾ ചത്തുപോവും; മോഡിയെ പിന്തുണച്ച് വിചിത്രവാദവുമായി മോഹൻലാൽ

കൊച്ചി: കൊറോണ ബാക്ടീരിയ പടർന്ന് പിടിക്കുന്നത് ഒഴിവാക്കാൻ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പിന്തുണച്ച് വിചിത്രവാദവുമായി നടൻ മോഹൻലാൽ. ഈ ദിവസം കൈയ്യടിക്കുന്നത് ഒരു വലിയ പ്രക്രിയ ആണെന്നും, കൈയ്യടി ശബ്ദം ഒരു മന്ത്രമാണെന്നും കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയികൾ ചത്തുപോവുമെന്നാണ് മോഹൻലാൽ പ്രതികരിച്ചിരിക്കുന്നത്. മനോരമ ന്യൂസിനോടായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

ജനതാ കർഫ്യൂ ദിനത്തിൽ കൈയ്യടിച്ചും പാത്രങ്ങൾ തമ്മിൽ തമ്മിൽ കൂട്ടിയിടിച്ചും ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കണമെന്ന മോഡിയുടെ ആഹ്വാനം ഏറ്റെടുത്താണ് മോഹൻലാൽ അശാസ്ത്രീയമായ പ്രസ്താവന പടച്ചുവിട്ടിരിക്കുന്നത്. ‘ഇന്ന് വൈകീട്ടു 5 മണിക്ക് ശേഷം എല്ലാവരും കൂടി കൈയടിക്കുന്നത് ഒരു വലിയ പ്രക്രിയയാണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു മന്ത്രം പോലെയാണ്. അതിൽ ഒരുപാട് ബാക്ടീരിയയും വൈറസും ഒക്കെ നശിച്ചു പോവാൻ സാധ്യതയുണ്ട്. അങ്ങനെ നശിച്ചു പോവട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുകയാണ്. മഹാവിപത്തിനെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കൊവിഡിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതിൽ ദു:ഖമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

അതേസമയം, ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് മോഹൻലാലിന്റെ പ്രതികരണം.

Exit mobile version