നിങ്ങൾ അവകാശപ്പെടുന്ന കപ്പലണ്ടിക്കച്ചവടമല്ല വേണ്ടത്; വലിയ യജമാനന്മാരുടെ ക്ഷേമം നോക്കുന്ന കേന്ദ്രം സ്വകാര്യവൽക്കരണം നിർത്തി ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കണം: രാജ്യസഭയിൽ ആഞ്ഞടിച്ച് കെകെ രാഗേഷ് എംപി

ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയരുന്ന തൊഴിലില്ലായ്മയും തൊഴിൽ നഷ്ടനിരക്കും പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കെകെ രാഗേഷ് എംപി. നാഷണൽ സാമ്പിൾ സർവ്വേ ഡാറ്റ പ്രകാരം ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായി നാല് പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. നമ്മുടെ ഭരണാധികാരികൾ മറച്ചുവെക്കാൻ ശ്രമിച്ചാലും പേടിപ്പിക്കുന്ന യാഥാർത്ഥ്യമായി അത് നമ്മുടെ മുന്നിലുണ്ടെന്ന് എംപി രാജ്യസഭയിൽ പറഞ്ഞു.

ബിഎസ്എൻഎല്ലിൽ മാത്രം ഒരു ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. എയർ ഇന്ത്യ, റെയിൽവേ തുടങ്ങിയ മേഖലകളും തകർച്ചയുടെ പാതയിലാണ്. കേന്ദ്രസർക്കാർ അഭ്യസ്ഥവിദ്യർക്ക് നൽകിയെന്ന് അവകാശപ്പെടുന്ന തൊഴിലുകളായ കപ്പലണ്ടിക്കച്ചവടമോ പക്കുവടവില്പനയോ പോലെയല്ലാതെ സുസ്ഥിരവരുമാനം ജനതയ്ക്ക് ലഭ്യമാക്കിയിരുന്ന സകലമേഖലകളെയും തെരഞ്ഞെുപിടിച്ച് തകർത്തെറിഞ്ഞിരിക്കുകയാണ്. ഓരോവർഷവും ഈ തരത്തിൽ നഷ്ടപ്പെടുന്നത് 2 കോടിയിൽപരം തൊഴിലുകളാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്നും ജനങ്ങൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനം പോലും തുടങ്ങിയില്ലെന്നും കെകെ രാഗേഷ് എംപി ചൂണ്ടിക്കാണിച്ചു.

കെകെ രാഗേഷ് എംപിയുടെ രാജ്യസഭയിലെ പ്രസംഗത്തിന്റെ പൂർണ്ണരൂപം:

നാഷണൽ സാമ്പിൾ സർവ്വേ ഡാറ്റ പ്രകാരം ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായി നാല് പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. നമ്മുടെ ഭരണാധികാരികൾ മറച്ചുവെക്കാൻ ശ്രമിച്ചാലും പേടിപ്പിക്കുന്ന യാഥാർത്ഥ്യമായി അത് നമ്മുടെ മുന്നിലുണ്ട്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര സംഘടനകൾ ഇത് ശരിവെക്കുന്നു. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തിലെ ഭരണാധികാരികൾ ഈ യാഥാർത്ഥ്യത്തിനു മുന്നിൽ കണ്ണടയ്ക്കുകയാണ്. രണ്ടുദശകങ്ങളായി ഇന്ത്യപിന്തുടരുന്ന സാമ്പത്തികനയത്തിന്റെ പരിണിതഫലങ്ങളാണിതെന്ന് കണ്ടെത്താൻ വലിയ ഗവേഷണങ്ങളൊന്നും ആവശ്യമില്ല. രണ്ടുവർഷം മുമ്പ് നടപ്പിലാക്കിയ തുഗ്ലക്കിയൻ പരിഷ്‌കാരമായ നോട്ടുനിരോധനവും എരിതീയിൽ എണ്ണപകർന്നു. സർവ്വമേഖലകളിലും വലിയ പ്രതിസന്ധിയാണ്. അറുപത് ശതമാനത്തിലധികം തൊഴിൽ നൽകുന്ന കാർഷികമേഖല ഉദാരവൽക്കരണ നയത്താൽ തകർന്നടിഞ്ഞു. സാമ്രാജ്യത്വ കുത്തകൾക്ക് അനുകൂലമായ നയങ്ങളുടെ ഫലമായി വിലത്തകർച്ച ഭീമമായതോടെ കാർഷികമേഖല കയ്യൊഴിയുന്ന നിലയിലേക്ക് കർഷകർ മാറി. ആത്മഹത്യ പെരുകുന്നു. ഈ കാര്യത്തിൽ 2016 മുതലുള്ള വിവരങ്ങൾ നമുക്ക് ലഭ്യമല്ല. മറ്റു മേഖലകളിലും സ്ഥിതി സമാനമാണ്. പെരുകുന്ന തൊഴിലില്ലായ്മക്ക് പുറമെ തൊഴിൽനഷ്ടങ്ങളും രാജ്യത്തെ പിടിച്ചുകുലുക്കുകയാണ്. പരമ്പരാഗത വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും ഇതേ പാതയിലാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് അന്നംനൽകിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിരിക്കുന്നു. പേരിനെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനം ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചോ എന്ന് ജനങ്ങളോട് പറയണം. അനേകം പൊതുമേഖലാ സംരംഭങ്ങൾ വിറ്റുതുലച്ചു. ബി.എസ്എൻ.എൽ.ൽ മാത്രം ഒരു ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. എയർ ഇന്ത്യ, റെയിൽവേ തുടങ്ങിയ മേഖലകളും തകർച്ചയുടെ പാതയിലാണ്. നിങ്ങൾ അഭ്യസ്ഥവിദ്യർക്ക് നൽകിയെന്ന് അവകാശപ്പെടുന്ന തൊഴിലുകളായ കപ്പലണ്ടിക്കച്ചവടമോ പക്കുവടവില്പനയോ പോലെയല്ലാതെ സുസ്ഥിരവരുമാനം ജനതയ്ക്ക് ലഭ്യമാക്കിയിരുന്ന സകലമേഖലകളെയും തെരഞ്ഞെുപിടിച്ച് തകർത്തെറിഞ്ഞിരിക്കുകയാണ്. ഓരോവർഷവും ഈ തരത്തിൽ നഷ്ടപ്പെടുന്നത് 2 കോടിയിൽപരം തൊഴിലുകളാണ്. പ്രസിദ്ധീകൃതമായ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഗ്രാമനഗര വ്യത്യാസമില്ലാതെ, ആൺ പെൺ വ്യത്യാസമില്ലാതെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മാനിരക്ക് അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസമേഖലയും സ്വകാര്യകുത്തകകൾക്ക് കാഴ്ചവെച്ചതോടെ കുതിച്ചുയരുന്ന ഫീസുകൾക്കും ചെലവുകൾക്കുമിടയിൽ പഠനാവശ്യങ്ങൾക്കായുള്ള കടഭാരം താങ്ങാനാവാതെ കിതക്കുകയാണ് വിദ്യാർത്ഥികൾ. ഇത്തരത്തിൽ കടംകയറിമുടിഞ്ഞ അഭ്യസ്തവിദ്യരുടെ നേർക്കാണ് തൊഴിലില്ലായ്മയെന്ന വലിയദുരന്തം കൂടി കടന്നുവരുന്നത്. ഇവർക്കിടയിലേക്കാണ് ‘പക്കുവടക്കച്ചവട’ത്തിനായി മുദ്രാലോണുമായി നിങ്ങളുടെ ‘മഹത്തായ നയ’വും രംഗത്തുവരുന്നത്. എന്തൊരു വിരോധാഭാസമാണിത്! സ്വദേശിവിദേശി കുത്തകകളുടെ ക്ഷേമം മാത്രം നോക്കുന്ന സർക്കാറിന് തൊഴിലില്ലാപ്പടയുടെ കാര്യത്തിൽ അശേഷം ശ്രദ്ധയില്ല. സാധാരണക്കാരെ ശ്രദ്ധയില്ല. വലിയ യജമാനന്മാരുടെ ക്ഷേമത്തിനായുള്ള ഗവൺമെന്റാണിത്. സ്വകാര്യവൽക്കരണം നിർത്തലാക്കി ജനതയ്ക്ക് തൊഴിൽ ലഭ്യമാക്കണം. നിയമം മാറ്റിയെഴുതണം. ഭഗത്സിംഗിന്റെ പേരിൽ ഒരു തൊഴിൽ ഗ്യാരണ്ടി സ്‌കീം രാജ്യത്തെ യുവജനങ്ങൾക്കൂടി ആരംഭിക്കണം. തൊഴിലന്വേഷകർക്ക് സമാശ്വാസവേതനവും ലഭ്യമാക്കണം.

Exit mobile version