കാസർകോട് രോഗം പടർത്തിയത് ഒരാളുടെ അശ്രദ്ധ; സ്ഥിതി അതീവ ഗുരുതരം; ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ അർധരാത്രിയിൽ നിലവിൽ വന്നു; ലംഘിച്ചാൽ ശക്തമായ നടപടി

തിരുവനന്തപുരം: കാസർകോട് ജില്ലയിൽ ആറു പേർക്ക് കോവിഡ് 19 രോഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജില്ലയിൽ സർക്കാർ കർശ്ശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. വെള്ളിയാഴ്ച അർധരാത്രി മുതലാണ് കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.

പകർച്ചവ്യാധികൾ തടയാനുള്ള പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാസർകോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം ശക്തമായ നടപടികൾക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കാസർകോട് കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്.

ഉത്തരവ് പ്രകാരം കാസർകോട് ജില്ലയിലെ സർക്കാർ ഓഫീസുകളും മറ്റു പൊതുസ്വകാര്യ സ്ഥാപനങ്ങളും ഒരാഴ്ച അടച്ചിടും. അവശ്യവസ്തുകൾ വിൽക്കുന്ന കടകൾക്ക് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. അല്ലാത്ത മുഴുവൻ സ്ഥാപനങ്ങളും അടച്ചിടണം. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ക്ലബ്ബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവർത്തിക്കില്ല.

പൊതുസ്ഥലങ്ങളായ പാർക്കുകൾ, ബീച്ചുകൾ തുടങ്ങിയവയിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകൾ അവധിയാണെങ്കിലും ജീവനക്കാർ ജില്ലയിൽ തന്നെ തുടരണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധരായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ ഐപിസി വകുപ്പ് പ്രകാരം കേസെടുക്കും. ഉത്തരവ് നടപ്പാക്കാൻ കാസർകോട് ജില്ലാ കളക്ടറേയും ജില്ലാ പൊലീസ് മേധാവിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Exit mobile version