കൊവിഡ്; അതിര്‍ത്തി അടച്ച് തമിഴ്‌നാടും കര്‍ണാടകയും; കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടില്ല

തിരുവനന്തപുരം: കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്‌നാട് വിലക്ക് ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. വാളയാര്‍, നാടുകാണി അതിര്‍ത്തികളില്‍ വാഹനങ്ങള്‍ തടയുകയാണ്. വൈകുന്നേരത്തോടെ നിയന്ത്രണം കര്‍ശനമാകും.

കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടേണ്ടതില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. നാല് മണിയോടെ ചെക്ക് പോസ്റ്റുകള്‍ അടയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാളയാര്‍-പാലക്കാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ ഗോപാലപുരം, മീനാക്ഷിപുരം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും. ബസുകള്‍ക്കും കര്‍ശന
നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് വിവരം. കര്‍ശനമായ പരിശോധന മാര്‍ച്ച് 31 വരെ തുടരും.

അതെസമയം കെഎസ്ആര്‍ടിസി ബസുകളുടെ കാര്യത്തില്‍ വിലക്കുണ്ടോ എന്ന് വ്യക്തമല്ല. കോയമ്പത്തൂര്‍ കൂടാതെ തേനി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. ജില്ലാ കളക്ടര്‍മാര്‍ക്കെല്ലാം ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കര്‍ണാടകയും കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കേരളത്തിലേക്കുള്ള ബസുകള്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ തടയുകയാണ്. ഇനി സര്‍വീസ് നടത്തരുതെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. ഗുണ്ടല്‍പേട്ട്, ബാവലി ചെക്‌പോസ്റ്റുകളില്‍ ആണ് ബസുകള്‍ തടഞ്ഞത്.

Exit mobile version