പത്തനംതിട്ടയില്‍ ആറുപേരുടെ പരിശോധഫലം കൂടി നെഗറ്റീവ്; ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് ജില്ലാഭരണകൂടം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആറുപേരുടെ പരിശോധഫലം കൂടി പുറത്തുവന്നു.ആര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരുടെ അടക്കമുള്ള റിസള്‍ട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അതേസമയം, ജില്ലയില്‍ രണ്ടായിരത്തോളം ആളുകളാണ് സമീപ ദിവസങ്ങളിലായി വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയത്.

വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. ഇവരെ വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇറ്റലി അടക്കമുള്ള പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരെ 28 ദിവസവും മറ്റു രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ 14 ദിവസവുമാണ് നിരീക്ഷണത്തില്‍ വെക്കുക.

22 പേരാണ് നിലവില്‍ രോഗ ലക്ഷണങ്ങളോടെ ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരെ കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ചുവരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ 1254 പേര്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

അതേസമയം, അടുത്തിടെ ലഭിച്ച പരിശോധ ഫലങ്ങളെല്ലാം നെഗറ്റീവ് ആയത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസമേകുന്നു. എന്നാല്‍ കൊറോണ ആശങ്ക ഒഴിവായിട്ടില്ലെന്നും പത്തനംതിട്ടയിലും ഇനിയുള്ള രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും ജില്ല കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.

Exit mobile version