വര്‍ക്കലയിലെ സ്ഥിതി ഗൗരവം; കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം

തിരുവനന്തപുരം: വര്‍ക്കലയിലെ സ്ഥിതി ഗൗരവമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് ഇറ്റാലിയന്‍ സ്വദേശിയുടെ റൂട്ട്മാപ്പും സമ്പര്‍ക്കപ്പട്ടികയും ആരോഗ്യവകുപ്പ് തയ്യാറാക്കിയത്.

ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും ഇടപെട്ട് മുപ്പത് പേരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം നാളെ അറിയാം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നാണ് വര്‍ക്കലയിലെ സ്ഥിതി വിലയിരുത്തിയത്.

അധികൃതരുടെ കണ്ണ് വെട്ടിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ പ്രവാസി പുറത്തിറങ്ങിയത് അടക്കം ചിലര്‍ അശ്രദ്ധമായി കാര്യങ്ങളെ കാണുന്നതാണ് സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നതെന്ന് യോഗത്തില്‍ വിലയിരുത്തി. അതേസമയം, ഏഴ് രാജ്യങ്ങളിലുള്ളവര്‍ മടങ്ങി വരുമ്പോള്‍ സര്‍ക്കാര്‍ തന്നെ വിമാനത്താവളങ്ങളില്‍ നിന്ന് വീടുകളിലെത്തിക്കുന്നതിന് നടപടി എടുക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.

വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ പ്രാദേശിക തലത്തില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി 10 പേരുള്ള ഒരു വാളണ്ടിയര്‍ സമിതി വാര്‍ഡ് തലത്തില്‍ രൂപീകരിച്ച് വീടുകളില്‍ കഴിയുന്നവരെ നിരീക്ഷിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

Exit mobile version