കൊവിഡ് 19; തൃശ്ശൂര്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 1822 പേര്‍;ഹൈറിസ്‌ക് വിഭാഗത്തില്‍ രണ്ട് പേര്‍

തൃശ്ശൂര്‍: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ 1822 പേര്‍ നിരീക്ഷണത്തില്‍. 60 പേര്‍ വിവിധ ആശുപത്രികളിലും 1762 പേരെ വീടുകളിലുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി ലഭിച്ച 25 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.

കൊറോണ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 24 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇന്നലെ 23 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. പുതുതായി ലഭിച്ച 25 പേരുടെ ഫലം നെഗറ്റീവാണ്. നിലവില്‍ രണ്ട് പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത്. 657 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 11 പേര്‍ ഐസുലേഷന്‍ വാര്‍ഡുകളിലാണുള്ളത്. ഇതില്‍ നാല് പേര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും ആറുപേര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

അതേസമയം, രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ വകുപ്പും, ജില്ലാ ഭരണകൂടവും തീരുമാനിച്ചിട്ടുണ്ട്.

Exit mobile version