യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ വിമാനങ്ങളിലാണോ യാത്ര ചെയ്തത്? ഒട്ടും വൈകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടുക; കർശ്ശന നിർദേശവുമായി സർക്കാർ

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുന്നതിനിടെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ഭഗീരഥ പ്രയത്‌നവുമായി ഭരണകൂടവും ആരോഗ്യപ്രവർത്തകരും. മാർച്ച് അഞ്ചിന് സ്‌പൈസ്‌ജെറ്റ് എസ്ജി54 വിമാനത്തിൽ ദുബായിയിൽ നിന്ന് കരിപ്പൂരിലെത്തിയ കണ്ണൂർ സ്വദേശിക്ക് കഴിഞ്ഞദിവസം കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതേദിവസം ദുബായിയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് IX 346ലെ യാത്രക്കാരുടെ എമിഗ്രേഷൻ നടപടി സ്‌പൈസ്‌ജെറ്റ് എസ്ജി54 യാത്രക്കാരോടൊപ്പമാണ് നടന്നത്. അതിനാൽ എയർ ഇന്ത്യ എക്‌സ്പ്രസ് IX 346 സഞ്ചരിച്ച കോഴിക്കോട് സ്വദേശികളായ എല്ലാ യാത്രക്കാരും ഉടൻതന്നെ ജില്ല കൺട്രോൾ റൂമുമായി 04952371002, 2371471 നിർബന്ധമായും ബന്ധപ്പെടണമെന്ന് ജില്ല കളക്ടർ അറിയിച്ചു.

മറ്റ് ജില്ലയിലെ യാത്രക്കാർ അവരുടെ ജില്ലയിലെ കൺട്രോൾ റൂം നമ്പറിലോ അല്ലെങ്കിൽ ദിശ O4712552056, ടോൾഫ്രീ 1056 നമ്പറിലോ ബന്ധപ്പെടണം. ഇതോടൊപ്പം എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് IX 394ലെ (കുവൈറ്റ്-കോഴിക്കോട്) മുഴുവൻ യാത്രക്കാരും തങ്ങളുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.

ഇവർ 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും ജനസമ്പർക്കം ഒഴിവാക്കണമെന്നും കളക്ടർ നിർദേശം നൽകി. വിദേശത്തുനിന്ന് വരുന്ന ആളുകൾ നിർബന്ധമായും അവരുടെ വീടുകളിൽ തന്നെ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

Exit mobile version