കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമേകി ലുലു ഗ്രൂപ്പ്; നിത്യോപയോഗ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകള്‍ നല്‍കും

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനത്തിതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി ലുലു ഗ്രൂപ്പ് ഭക്ഷ്യ കിറ്റുകള്‍ നല്‍കും. നിരീക്ഷണത്തില്‍ കഴിയുന്ന 1000 പേര്‍ക്കാണ് നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് നല്‍കുകയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.

യൂസഫലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എംഎ നിഷാദ് ആദ്യഘട്ടമായി 100 കിറ്റുകള്‍ എറണാകുളം കളക്ടര്‍ എസ് സുഹാസിനു കൈമാറി. അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പയര്‍ തുടങ്ങി ഒമ്പത് നിത്യോപയോഗ സാധനങ്ങളാണ് കിറ്റിലുള്ളത്.

ഇത് സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്നും പഞ്ചായത്തുകള്‍ മുഖേന ആവശ്യക്കാരെ കണ്ടെത്തി ഈ കിറ്റുകള്‍ ഉടന്‍ തന്നെ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. ലുലു ഗ്രൂപ്പ് കോമേഴ്‌സ്യല്‍ മാനേജര്‍ സാദിക് കാസിം , മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് സംബന്ധിച്ചു.

കേരളത്തില്‍ 19 പേര്‍ക്കാണ് നിലവില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതും മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയവരുമടക്കം ആയിരക്കണക്കിനാളുകളാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്.

Exit mobile version