സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; കനത്ത ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും ഖത്തറില്‍ നിന്നും എത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഖത്തറില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. പരിശോധന ഫലം ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 4180 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലും ആണ് .900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത്. തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായമായവരിലേക്കും മറ്റു രോഗബാധിതരിലേക്കും രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൂടാതെ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version