ചുമയ്ക്കുമ്പോൾ പോലും മുഖം മറയ്ക്കാതെ, തുപ്പല് തൊട്ട് നോട്ട് എണ്ണിയെടുത്ത് നൽകി രണ്ടുയാത്രക്കാർ; സംസാരത്തിൽ ഇറ്റലിയിൽ നിന്നെത്തിയവരെ കുറ്റം പറച്ചിലും ട്രോളും മാത്രം

കോഴിക്കോട്: ഡ്യൂട്ടിക്കിടയിൽ അനുഭവിക്കേണ്ടി വന്ന രണ്ട് യാത്രക്കാരുടെ അരോചകമായ പ്രവർത്തിയെ കുറിച്ച് കെഎസ്ആർടിസി കണ്ടക്ടറുടെ അനുഭവ കുറിപ്പ്. ഒരു കർച്ചീഫ് വെച്ചുപോലും മുഖം മറയ്ക്കാതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്ത ഈ രണ്ടു യാത്രക്കാരും ഇറ്റലിയിൽ നിന്നെത്തിയവർ കേരളത്തിനാകെ അവധി നൽകിയെന്ന് തമാശ പറയുകയും സാമൂഹ്യപ്രതിബദ്ധതയെ കുറിച്ച് വാചാലരാകുകയും ചെയ്ത അനുഭവമാണ് കുറിപ്പിൽ പറയുന്നത്. വിനീത വിജയനെന്ന കെഎസ്ആർടിസി കണ്ടക്ടറാണ് കോഴിക്കോട്ടേക്കുള്ള തന്റെ ബസിലെ ഡ്യൂട്ടിക്കിടെ നേരിട്ട അനുഭവം പങ്കുവെയ്ക്കുന്നത്.

മറ്റുള്ളവരെ കുറ്റം പറയുന്നതിനിടെ സ്വന്തം സാമൂഹിക ഉത്തരവാദിത്തം കൂടി നിറവേറ്റണമെന്ന് വിനീത കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഒപ്പം നിരവധിപേരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് ആവശ്യമായ പ്രതിരോധ വസ്തുക്കൾ അധികാരികൾ ലഭ്യമാക്കണമെന്നും വിനീതയുടെ കുറിപ്പിൽ ആവശ്യം ഉയരുന്നുണ്ട്.

വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

തത്കാലം നമുക്കവരെ എക്‌സ് എന്നും വൈ എന്നും വിളിക്കാം. മാന്യമായി വസ്ത്രം ഒക്കെ ധരിച്ച്, അധികം പ്രായമൊന്നുമില്ലാത്ത രണ്ട് പേർ. ചുമച്ചു കൊണ്ടാണ് കയറിയത്. അത് കൊണ്ട് തന്നെ ആവണം അവരെ ശ്രദ്ധിച്ചതും. ഇടയ്ക്ക് ഒന്ന് രണ്ട് വട്ടം തുമ്മിയിരുന്നു. കയ്യിൽ ഒരു കർച്ചീഫ് പോലും കരുതിയിട്ടില്ല. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മുഖം ഒന്ന് മറയ്ക്കുന്നുമില്ല… സത്യമായും ഒരു അരോചകത്വം തോന്നി. തിരിഞ്ഞ് നോക്കുന്ന യാത്രക്കാർക്കും തോന്നി എന്ന് കരുതാം…

‘രണ്ട് കോഴിക്കോട്…’

ടിക്കറ്റ് കീറി ഞാൻ അവർക്ക് നേരെ നീട്ടി. പേഴ്സ് എടുത്തു, മടക്കി വച്ചിരിക്കുന്ന മൂന്നാല് നോട്ട് എടുത്തു. ‘ മാന്യമായി ‘ കൈ നാവിലേക്ക് നീട്ടി, തുപ്പൽ തൊടീച്ച് കൂട്ടത്തിൽ നിന്നും ഒരു നോട്ടിനെ എടുത്ത് എനിക്ക് നേരെ നീട്ടി. സത്യം പറയാമല്ലോ, വളരെ അധികം സങ്കടം തോന്നി. ഒന്നും മിണ്ടാതെ, അത് വാങ്ങി ബാഗിലിട്ട്, ബാക്കിയും കൊടുത്ത് ഞാൻ സീറ്റിലേക്ക് നടന്നു. ഇവരൊക്കെ എന്താവോ ഇങ്ങനെ എന്ന് ചിന്തിക്കാതെ ഇരുന്നില്ല. കുറച്ചു നേരം കഴിഞ്ഞ്, അവരുടെ സീറ്റിന് അരികിലൂടെ പോകുമ്പോൾ അവർ ഫോണിലാണ്. അവധിക്കെത്തിയ ഇറ്റലിക്കാർ കേരളത്തെ മൊത്തം അവധിയിലാഴ്ത്തി എന്ന ട്രോൾ ഒക്കെ പറഞ്ഞു ചിരിക്കുന്നുണ്ട്. ഒപ്പം അവരുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് വാചാലം ആകുന്നുമുണ്ട്.ഇത് പറയാൻ അവർക്ക് ഒരു തരി പോലും അവകാശമുണ്ടോ എന്ന് ചുമ്മാ ചിന്തിച്ച് പോയതിൽ തെറ്റ് പറയാൻ കഴിയില്ല.

കൂട്ടുകാരെ, നിങ്ങളുടെ യാത്രാവകാശങ്ങളെ ഏതും ഹനിക്കാതെ, ഈ ജാഗൃതാവസ്ഥയിലും നിങ്ങളോടൊപ്പം നിൽക്കുന്ന ഞങ്ങൾ, ഉറപ്പായും കുറച്ചു കൂടെ കരുണ അർഹിക്കുന്നുണ്ട്. റാക്കും മെഷീനും വാങ്ങി വണ്ടിയിൽ കയറി ആദ്യ ഡബിൾ ബെൽ കൊടുക്കുന്നത് മുതൽ എത്രയോ ആളുകളോടാണ് ഇടപഴകേണ്ടി വരുന്നതെന്ന് വെറുതെ ഒന്ന് ചിന്തിച്ച് നോക്കൂ. ടിക്കറ്റിന്റെ പൈസ വാങ്ങുന്നത് മുതൽ, നിങ്ങൾക്കിടയിലൂടെ എത്ര തവണയാണ് ഞങ്ങള് നടന്നു നീങ്ങുന്നത്. ഒരു ബസ് സ്റ്റേഷനിൽ എത്തിയാൽ ആവട്ടെ, ഇറങ്ങി സമയം വയ്ക്കാൻ പോകുമ്പോൾ കൺട്രോൾ ഷീറ്റിലും പേനയിലും എന്തിന് ആ മേശയിൽ വരെ എത്ര എത്ര ആളുകൾ തൊട്ട് പോയിട്ടുണ്ടാകും. അവർ പിന്നെയും എത്ര എത്ര യാത്രക്കാരുമായി ഇടപഴകേണ്ടിയും വരുന്നുണ്ടാകും.

ഒരിക്കലും, കയറുന്ന എല്ലാവരും രോഗ ബാധിതർ ആണെന്നല്ല. പക്ഷേ, കരുതൽ എടുക്കേണ്ടത് നമ്മൾ തന്നെയല്ലേ. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്ന് തന്നെയാണ് ഞാനടക്കമുള്ള പല കെ എസ് ആർ ട്ടി സി ജോലിക്കാരും അവധി പോലുമെടുക്കാതെ ഈ സമയത്തും ജോലിയ്ക്ക് എത്തുന്നത്. വീട്ടിലിരിക്കുന്നവരുടെ ടെൻഷനും പേടിയും മറന്നു ഞങ്ങളിറങ്ങി തിരിക്കുന്നത് തീർച്ചയായും നിങ്ങളെ കൂടി ഓർത്തിട്ട് തന്നെയാണ്. സാനിട്ടൈസറോ മാസ്‌ക്കോ കിട്ടാനില്ല, ഉള്ളതിന് നല്ല വിലയുമുണ്ട്. ആ വില കൊടുത്ത് അത് വാങ്ങി ഉപയോഗിക്കാൻ കഴിയാത്തവർ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്ന സത്യവും നിങ്ങള് അംഗീകരിക്കണം. ഇനി കിട്ടുന്നവർക്ക് ആകട്ടെ, ഈ ചൂടത്ത് ആറേഴ് മണിക്കൂർ കണ്ടിന്യൂസ് ആയി ഇതിടുക ശ്രമകരമായ ഒരു ജോലിയുമാണ് (ശീലം ഇല്ലാത്തത് കൊണ്ടാവും).

ഇത്രയുമേറെ പരിമിതികൾക്കും പ്രതിസന്ധികൾക്കും ഇടയിൽ നിന്ന് ഞങ്ങള് ചെയ്യുന്ന ജോലിയെ നിങ്ങള് മഹത്വവത്ക്കരിക്കുകയൊന്നും വേണ്ട. പക്ഷേ, കുറച്ചു കൂടെ കരുണ കാണിക്കണം. ഒരു തൂവാല വച്ചെങ്കിലും മറച്ച് പിടിച്ച് ചുമയ്ക്കണം. ഈ ‘തുപ്പൽ’ തേച്ചുള്ള പൈസ കൊടുപ്പ് ദയവ് ചെയ്ത് നിർത്തണം. നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് വീട്ടിൽ, കാത്തിരിപ്പും നിറച്ച് കൊണ്ട് നോക്കി ഇരിക്കുന്ന കുഞ്ഞി കണ്ണുകൾ… ഒന്നും വരുത്തല്ലെ ദൈവെ എന്ന് പ്രാർത്ഥിച്ചു മിടിക്കുന്ന അമ്മ/അച്ഛൻ ഹൃദയങ്ങളും എല്ലാം… അതിലുപരി, നമ്മളിലൂടെ ആർക്കും ഒന്നും വരാതെ ഇരിക്കട്ടെ!

ഇനി പറയുന്നത് അധികൃതരോടാണ്, ഇത്രയും സാഹചര്യങ്ങള് നിങ്ങൾക്ക് കൂടി അറിവുള്ളതാണല്ലോ. ദയവ് ചെയ്ത് ജീവനക്കാർക്ക് കയ്യുറകളും മാസ്‌ക്കുമടക്കമുള്ള അത്യാവശ്യ പ്രതിരോധ സാധനങ്ങൾ നൽകുക.

#ഞങ്ങളിലൂടെ_ആർക്കും_ഒന്നും_വരാതിരിക്കട്ടെ.. #ഞങ്ങൾക്ക്_ആരും_ഒന്നും_തരാതെയുമിരിക്കട്ടെ

Exit mobile version