കൊവിഡ് 19; സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം പൊതുജനങ്ങള്‍ സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി സന്ദര്‍ശിച്ചാല്‍ മതിയെന്നാണ് അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പുറമെ മാര്‍ച്ച് 13ന് സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ നടത്താനിരുന്ന സജീവ് പിള്ളയുടെ മാമാങ്കം നോവലിന്റെ ചര്‍ച്ച, ഏപ്രില്‍ 4ന് നടത്താനിരുന്ന പോയട്രി ഫെസ്റ്റ്, ഏപ്രില്‍ 14 മുതല്‍ നടത്താനിരുന്ന സമ്മര്‍ സ്‌കൂള്‍ എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നീട്ടി വെച്ചിരിക്കുന്നതായും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഇതിനു പുറമെ കുട്ടികളെ പാര്‍ക്കും റഫറന്‍സ് വിഭാഗം, ഇന്റര്‍നെറ്റ് വിഭാഗം എന്നിവ മാര്‍ച്ച് 16 മുതല്‍ 31 വരെ അടച്ചിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു വിഭാഗത്തിലും ഇരുന്ന് റഫര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും ലൈബ്രറിയില്‍ കൂട്ടം കൂടിയിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version