ഡോ. ഷിനു ശ്യാമളന്റെ പ്രവര്‍ത്തികള്‍ പബ്ലിസിറ്റിക്ക് വേണ്ടി; അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കും: ആരോഗ്യ വകുപ്പ്

തൃശ്ശൂര്‍: കൊറോണ (കോവിഡ് 19) വൈറസ് ബാധ സംബന്ധിച്ച് അപകീര്‍ത്തികരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ. ഷിനു ശ്യാമളന്‍ ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ഡിഎംഒ ഓഫീസ് വൃത്തങ്ങള്‍ വിമര്‍ശിച്ചു. കോവിഡ് ലക്ഷണമുള്ള രോഗി ചികിത്സയ്ക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു നേരത്തെ ഷിനു ശ്യാമളന്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ഷിനു പറഞ്ഞ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്.

ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ഈ വ്യക്തി കോവിഡ് രോഗലക്ഷണങ്ങളോടെ തന്റെ സ്വകാര്യ ക്ലിനിക്കിലെത്തിയെന്നാണ് ഷിനു ശ്യാമളന്‍ പറഞ്ഞത്. തുടര്‍ന്ന് വിവരം പോലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. എന്നാല്‍, അന്ന് തുടര്‍നടപടികളുണ്ടായില്ല. ഈ വ്യക്തി അടുത്ത ദിവസം രാവിലെ ഖത്തറിലേക്ക് മടങ്ങിപ്പോയെന്നും ഷിനു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ ഷിനു ശ്യാമളനെ അവര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്ക് അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

കോവിഡ് രോഗലക്ഷണമുള്ള വ്യക്തിയെ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പോലീസിനെയും അറിയിക്കുകയും അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന ആരോപണവുമായി ഷിനു തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഷിനുവിനെതിരെ തൃശ്ശൂര്‍ ഡിഎംഒ ഓഫീസിന്റെ പ്രതികരണം വന്നിരിക്കുന്നത്.

Exit mobile version