കൊവിഡ് 19; മാര്‍ച്ച് 20 വരെയുള്ള എല്ലാ പരീക്ഷകളും പിഎസ്സി മാറ്റിവച്ചു; ഇന്റര്‍വ്യൂകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം; സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പിഎസ്സി പരീക്ഷകള്‍ മാറ്റി. മാര്‍ച്ച് 20 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചു.സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കമാണ് പിഎസ്സി മാറ്റിവച്ചത്. എന്നാല്‍, ഇന്റര്‍വ്യൂകള്‍ നേരത്തേ നിശ്ചയിച്ച തീയതികളില്‍ നടക്കുമെന്നും പിഎസ്സി അറിയിച്ചു. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷ മാറ്റിയിരിക്കുന്നത്.

കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഈമാസം മുഴുവന്‍ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അംഗനവാടി, മദ്രസ, പാരലല്‍ കോളജുകളും തുറക്കരുത്. ഏഴാംക്ലാസ് വരെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കി. ഹൈസ്‌കൂള്‍, എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാത്രം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്സവങ്ങളും പെരുന്നാളുകളും ആള്‍ക്കൂട്ടം ഒഴിവാക്കി നടത്തണം. ശബരിമല ഉള്‍പ്പെടെ ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ മാത്രം നടത്താം. വിവാഹച്ചടങ്ങുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ മാസം 31 വരെ സിനിമ, നാടകം കാണല്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ഇന്ന് ആറ് പേരിലാണ് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നുവന്ന റാന്നിക്കാരുടെ മകള്‍ക്കും മരുമകനും മാതാപിതാക്കള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലുപേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് പേരിലും രോഗം സ്ഥിരീകരിച്ചു. ഇവരും ഇറ്റലിയില്‍ നിന്ന് വന്നവരുടെ കുടുംബ സുഹൃത്തുക്കളാണ്.

Exit mobile version