നാട്ടിലെത്തി ഒരാഴ്ച ചെലവഴിച്ച ശേഷവും ആരോഗ്യവകുപ്പില്‍ വിവരം അറിയിച്ചില്ല; ഇറ്റലിയില്‍ നിന്നെത്തിയ യുവാവിന്റെ ആരോപണങ്ങള്‍ തള്ളി പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോപണങ്ങള്‍ തള്ളി ജില്ലാ കളക്ടര്‍ പിബി നൂഹ്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയ ഇവര്‍ ഒരാഴ്ച ഇവിടെ ചെലവഴിച്ച ശേഷവും ആരോഗ്യവകുപ്പില്‍ വിവരം അറിയിച്ചില്ലെന്നും ബന്ധുവിന് രോഗലക്ഷണം കണ്ടപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും അങ്ങോട്ട് സമീപിക്കുകയായിരുന്നു എന്നുമാണ് ജില്ലാ കളക്ടര്‍ പിബി നൂഹ് പറഞ്ഞത്.

ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയ യുവാവും മാതാപിതാക്കളും റാന്നിയിലെ ആശുപത്രിയില്‍ പോയി പനിക്കുള്ള മരുന്ന് വാങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ അധികൃതരോട് രോഗബാധ മറച്ചു വെക്കുകയാണ് ചെയ്തത്. മരുന്നിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മാത്രമാണ് ഇവര്‍ പനിയുടെ കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. രോഗബാധിതര്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കണ്ടെത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

വിദേശത്ത് നിന്നെത്തിയ വിവരം എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്നും വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ലെന്നുമാണ് രോഗ ബാധിതനായ യുവാവ് വ്യക്തമാക്കിയത്. അതേസമയം, പുനലൂരുള്ള ബന്ധുവീട്ടില്‍ പോയിരുന്നെന്നും യുവാവ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം അഞ്ചുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊറോണ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version