ദേവീസ്തുതികളുമായി പ്രാര്‍ഥനയോടെ ഭക്തര്‍; ആറ്റുകാല്‍ അമ്മയ്ക്ക് ഇന്ന് പൊങ്കാല ; തലസ്ഥാന നഗരിയില്‍ ഭക്തജനത്തിരക്ക്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകള്‍ നിരന്നു. കഴിഞ്ഞദിവസം രാവിലെ മുതലേ സ്വകാര്യവാഹനങ്ങളിലും തീവണ്ടിയിലുമായി ജനം തിരുവനന്തപുരത്തേക്ക് ഒഴുകിയെത്തിയിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടേക്ക് എത്തുന്നത്. പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും വലിയതോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നതിനുമുമ്പ് ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങുന്നതിനായി ഭക്തര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

പൊങ്കാലച്ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത് രാവിലെ 9.45-ന് ശുദ്ധപുണ്യാഹ ചടങ്ങിന് ശേഷമാണ്. മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. പാട്ടു തീരുമ്പോള്‍ തന്ത്രി ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കും.

ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ മേല്‍ശാന്തി തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരയടുപ്പിലും തീ കത്തിക്കും. തുടര്‍ന്ന് ഭക്തര്‍ അടുപ്പുകളില്‍ തീപകരും. ഇങ്ങനെയാണ് ചടങ്ങുകള്‍. ഉച്ചയ്ക്ക് 2.10-ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.

വൈകീട്ട് 7.30-നാണ് കുത്തിയോട്ടക്കാരുടെ ചൂരല്‍കുത്ത്. 12 വയസ്സിനു താഴെ പ്രായമുള്ള 830 കുട്ടികളാണ് കുത്തിയോട്ട നേര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രാത്രി 10.30-ന് ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. പാമ്പാടി രാജന്‍ എന്ന കൊമ്പന്‍ ആറ്റുകാലമ്മയുടെ പൊന്നിന്തിടമ്പേറ്റും.മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ചൊവ്വാഴ്ച രാവിലെ തിരിച്ചെഴുന്നള്ളും.

രാത്രി കാപ്പഴിച്ച്, കുരുതിതര്‍പ്പണം നടത്തുന്നതോടെയാണ് ഇത്തവണത്തെ പൊങ്കാല ഉത്സവം സമാപിക്കുക. സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പൊങ്കാലയ്ക്ക് എത്തുന്നവര്‍ സ്വയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Exit mobile version