കൊറോണ: പ്രതിരോധ നടപടിയുടെ ഭാഗമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാസ്‌കും കയ്യുറകളും നല്‍കും

പത്തനംതിട്ട: സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കെഎസ്ആര്ടിസി ജീവനക്കാര്‍ക്ക് മാസ്‌കും കയ്യുറകളും നല്‍കും. പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് അവശ്യസാധനങ്ങള്‍ എത്തിക്കാമെന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൂടാതെ, പത്തനംതിട്ട ജില്ലയിലെ എല്ലാ ബസ് സ്‌റ്റേഷനുകളിലെ ജീവനക്കാര്‍ക്കും ജില്ല വഴി കടന്നു പോകുന്ന മറ്റു ജില്ലകളിലെ സര്‍വീസുകളിലെ ക്രൂവിനും അതത് ഡിപ്പോയിലെ കണ്ടിജന്‍സി ഫണ്ടില്‍ നിന്നും ഉപയോഗപ്രദമായ രോഗ പ്രതിരോധ അവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കാനും കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിട്ടു.

പൊതു ജനങ്ങളുമായി ബന്ധപ്പെടുന്ന വിഭാഗമെന്ന നിലയില്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് മാസ്‌കും കയ്യുറകളും ഉള്‍പ്പെടെ രോഗ പ്രതിരോധ അവശ്യ സാധനങ്ങള്‍ അടിയന്തരമായി അനുവദിക്കണമെന്ന് കാണിച്ച് സര്‍ക്കാരിനും മാനേജ്‌മെന്റിനും ട്രാന്‍.എംപ്ലോയീസ് യൂണിയന്‍ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി സിഎംഡിയുടെ ഉത്തരവ്.

Exit mobile version