പുത്തൻ വീട്ടിൽ പാലുകാച്ചൽ നടത്തുന്നതിന് മുമ്പ് അഞ്ച് നിർധനർക്ക് മംഗല്യ സൗഭാഗ്യം ഒരുക്കി ഈ പ്രവാസി മലയാളി; മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് ചന്തവിള മുസ്ലിം പള്ളി മുറ്റത്ത് വിവാഹ പന്തലുയർന്നു

തിരുവനന്തപുരം: പുതിയതായി നിർമ്മിച്ച വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്തി ഗൃഹപ്രവേശം നടത്തുന്നതിന് മുമ്പ് നാട്ടിലെ നിർധനരായ അഞ്ച് യുവതികൾക്ക് മംഗല്യഭാഗ്യം ഒരുക്കുകയാണ് ഈ പ്രവാസി മലയാളി. തിരുവനന്തപുരം കഴക്കൂട്ടം ചന്തവിള ആമ്പല്ലൂർ സ്വദേശിയും മുസഫ ലൈല ഗ്രൂപ് കമ്പനി ഉടമയുമായ എംഐ ഷാനവാസ് ഖാനാണ് ജാതിമത ഭേദമന്യേ അഞ്ചു നിർധന യുവതികളുടെ വിവാഹം കാരണവരുടെ സ്ഥാനത്ത് നിന്ന് നടത്തുന്നത്. ഈ മാസം 28ന് ചന്തവിള മുസ്‌ലിം ജമാഅത്ത് അങ്കണത്തിൽവെച്ചാണ് അതത് മതവിശ്വാസത്തിലെ ആചാരപ്രകാരം വിവാഹം നടക്കുക.

പത്രത്തിൽ പരസ്യം നൽകിയാണ് നിർധനരായ യുവതികളിൽനിന്ന് ഏറ്റവും അർഹരായവരെ കണ്ടെത്തിയത്. അഞ്ചുപവൻ സ്വർണ്ണാഭരണവും ഒരു ലക്ഷം രൂപയുമാണ് വിവാഹ സമ്മാനമായി ഷാനവാസ് ഖാൻ ദമ്പതികൾക്കു നൽകുന്നത്. വധൂവരന്മാരുടെ വിവാഹ വസ്ത്രം, വിവാഹ സദ്യ, യാത്രാചെലവുകൾ എന്നിവയും ഇതോടൊപ്പം വഹിക്കും.

28ന് വൈകീട്ട് നാലിന് ആരംഭിക്കുന്ന സമൂഹ വിവാഹ ചടങ്ങിൽ വിവിധ മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 29ന് രാവിലെയാണ് പുതിയ വീട്ടിലെ താമസം. ഇതോടനുബന്ധിച്ച് വിവാഹിതരാവുന്ന ദമ്പതികൾക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ മംഗളപത്ര വിതരണവും സ്നേഹവിരുന്നും പുതിയ വീട്ടിൽവെച്ച് നൽകുമെന്നും ഷാനവാസ് ഖാൻ പറഞ്ഞു.

Exit mobile version