സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍; തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ ശൗചാലങ്ങളുടെ വേര്‍തിരിവ് ഇങ്ങനെ; ജാതീയതയുടെ പ്രതിഫലനമെന്ന് രൂക്ഷവിമര്‍ശനം

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രത്യേക ശൗചാലയം ഒരുക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശം. തൃശ്ശൂരിലാണ് സംഭവം. കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലാണ് ബ്രാഹ്മണര്‍ക്കായി പ്രത്യേകം ശൗചാലയം നല്‍കിയത്. സ്ത്രീകള്‍, പുരുഷന്മാര്‍, ബ്രാഹ്മണര്‍ എന്നിങ്ങനെ മൂന്ന് ബോര്‍ഡുകള്‍ വെച്ച ശൗചാലയങ്ങളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ശൗചാലയങ്ങളുടെ ചിത്രങ്ങള്‍ ആരോ ഒരാളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത്തരത്തില്‍ ജാതിയത വെളിവാക്കുന്ന രീതിയില്‍ ശൗചാലയങ്ങള്‍ക്ക് മുന്നില്‍ ബോര്‍ഡ് വെച്ച ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

വ്യാപക പ്രതിഷേധമുയര്‍ന്നതോടെ പുറപ്പെടാ ശാന്തിക്ക് വേണ്ടി തയ്യാറാക്കിയ ശൗചാലയമാണ് ഇതെന്നും അതുകൊണ്ടാണ് അത്തരം ഒരു ബോര്‍ഡ് സ്ഥാപിച്ചതെന്നും വിശദീകരണം ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ പുറപ്പെടാ ശാന്തി എന്ന് ബോര്‍ഡ് വെക്കാമായിരുന്നു എന്നും എന്തുകൊണ്ട് ബ്രാഹ്മണര്‍ എന്ന് ബോര്‍ഡ് വെച്ചു എന്ന മറുചോദ്യവും ഉയരുന്നുണ്ട്.

നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ജാതീയതയുടെ പ്രതിഫലനമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നതെന്ന് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു. അതേസമയം, സംഭവത്തെ ന്യായീകരിച്ച് ഒരുകൂട്ടം രംഗത്തെത്തുകയും ചെയ്തു. പൂജ ചെയ്യുന്ന പൂജാരിമാര്‍ക്ക് അശുദ്ധിപാടില്ലാത്തത് കൊണ്ടാവും ഇങ്ങനെ പ്രത്യേക ശൗചാലയം എന്നും കമന്റുകള്‍ ഉയര്‍ന്നു. സംഭവം ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version