‘ശൂദ്രരെന്നു ശൂദ്രരെ വിളിച്ചാല്‍ അവര്‍ക്ക് മോശമായി തോന്നുന്നു, കാരണം അവര്‍ക്ക് ഒന്നുമറിയില്ല: ജാതി അധിക്ഷേപം നടത്തി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂര്‍

pragya takur | bignewslive

ഭോപ്പാല്‍ : ജാതി അധിക്ഷേപം നടത്തി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂര്‍. മധ്യപ്രദേശിലെ സീഹോറില്‍ നടന്ന ക്ഷത്രിയ സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ബിജെപി എംപിയുടെ ജാതി അധിക്ഷേപം. ‘ശൂദ്രരെന്നു ശൂദ്രരെ വിളിച്ചാല്‍ അവര്‍ക്ക് മോശമായി തോന്നുന്നു. എന്താണ് കാരണം?അവര്‍ക്ക് ഒന്നും അറിയില്ലെന്നതാണു കാരണം’, എന്നായിരുന്നു പ്രഗ്യയുടെ വിവാദ പ്രസ്താവന.

‘ഹിന്ദുമതത്തില്‍, സമൂഹത്തില്‍ ഒരു ക്രമം സ്ഥാപിക്കുന്നതിന്റെ ഭാഗമായി, നാല് വര്‍ഗ്ഗങ്ങള്‍ വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. ക്ഷത്രിയ ധര്‍മം അനുഷ്ഠിക്കുന്നവരെ ക്ഷത്രിയര്‍ എന്ന് വിളിക്കുമ്പോള്‍ അവര്‍ക്കത് വിഷമമുണ്ടാക്കുന്നില്ല. ബ്രാഹ്മണരെ ബ്രാഹ്മണര്‍ എന്ന് വിളിച്ചാലോ, വൈശ്യരെ വൈശ്യരെന്നു വിളിച്ചാലോ അത് അവരെ വിഷമിപ്പിക്കാറില്ല. പക്ഷേ, ശൂദ്രരെ ശൂദ്രരെന്നു വിളിക്കുമ്പോള്‍ മാത്രം അത് അവര്‍ക്ക് അപമാനകരമായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാവും? സത്യത്തില്‍, അതിന്റെ കാരണം, ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കുറിച്ചുള്ള അജ്ഞതയാണ്.’ -പ്രഗ്യ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമത ബാനര്‍ജിയെയും ബിജെപി എംപി വിമര്‍ശിച്ചു. മമത ബാനര്‍ജിക്ക് ഭ്രാന്തായെന്നായിരുന്നു പ്രഗ്യ പറഞ്ഞത്. .’ഇത് ഇന്ത്യയാണ് പാകിസ്താനല്ലെന്നാണ് അവര്‍( മമത ബാനര്‍ജി) മനസ്സിലാക്കേണ്ടത്. അവര്‍ക്ക് അതിനുള്ള തക്ക മറുപടി ലഭിക്കും. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി. വിജയിക്കും. പശ്ചിമ ബംഗാളില്‍ ഹിന്ദുരാജ് നിലവില്‍ വരും. സ്വന്തം ഭരണം അവസാനിക്കാന്‍ പോകുന്നുവെന്ന നിരാശയിലാണ് അവര്‍. അവര്‍ക്ക് ഭ്രാന്താണ്.’ പ്രഗ്യ സിങ്ങ് പറഞ്ഞു.നേരത്തെയും ഇത്തരം വിവാദ പ്രസ്താവന നടത്തിയിട്ടുള്ള ആളാണ് പ്രഗ്യ സിംഗ്

Exit mobile version