‘നാടകക്കാരുടെ വണ്ടിക്ക് ഫൈന്‍ ചുമത്തി ആളാകാന്‍ കാണിക്കുന്ന ഈ പൊറാട്ട് നാടകത്തിനെയാണ് നല്ല ഭാഷയില്‍ അല്‍പ്പത്തരം എന്ന് പറയുന്നത്’; എംഎ നിഷാദ്

തൃശ്ശൂര്‍: നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. നാടകക്കാരുടെ വണ്ടിക്ക് ഫൈന്‍ ചുമത്തി ആളാകാന്‍ കാണിക്കുന്ന ഈ പൊറാട്ട് നാടകത്തിനെയാണ് നല്ല ഭാഷയില്‍ അല്‍പ്പത്തരം എന്ന് പറയുന്നത് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

സിനിമാക്കാര്‍ ഈ കുറ്റം ചെയ്താല്‍ അവന്റെ കാരവന് കൈകാണിക്കാന്‍ ഈ ഏമാത്തിയുടെയും ഏമാന്റെയും മുട്ടിടിക്കുമെന്നും എംഎ നിഷാദ് കുറിച്ചു. 24000 രൂപ അവരുടെ വിയര്‍പ്പാണ്. ചോര നീരാക്കി അവര്‍ അധ്വാനിച്ചതാണ്. അതിന് വിലയിടാന്‍ നിങ്ങള്‍ക്കാവില്ല എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘നാടകമേ ഉലകം”
നാടകം ആസുര കലയല്ല.ദൈവീക കലയാണ്.
നാടകക്കാരുടെ വണ്ടിക്ക് ഫൈന്‍ ചുമത്തി ആളാകാന്‍ കാണിക്കുന്ന ഈ പൊറാട്ട് നാടകമുണ്ടല്ലോ,ഇതിനെയാണ് നല്ല ഭാഷയില്‍ അല്പത്തരം എന്ന് പറയുന്നത്.നാട്ടിലുളള സകല നിയമങ്ങളും പാലിച്ച് പോയില്ലെങ്കില്‍,യൂണിഫോമിട്ട ഈ ആയമ്മയും ഏമാന്‍മാരും,ഉടന്‍ നടപടിയെടുക്കും.ശ്ശോ.ഇതൊരുമാതിരി വല്ലാത്തൊരു കിനാശ്ശേരിയായിപോയീ.
നമ്മുടെ നാട്ടില്‍ അന്യം നിന്ന് പോകാത്ത ഒരു കലയാണ് നാടകം.കാരണം സിനിമയുടെ പളപളപ്പും ഗ്‌ളാമറുമൊന്നുമല്ല നാടകത്തിനെ ജനങ്ങളുമായി അടുപ്പിക്കുന്നത്. പ്രേക്ഷകരും തട്ടേല്‍ കയറിയ നാടക കലാകാരന്മാരുമായി ഒരകലം ഇല്ല,എന്നുളളത് തന്നെയാണ്.ഇതേ കുറ്റം സിനിമാക്കാരന്‍ ചെയ്‌തെന്നിരിക്കട്ടെ,അവന്റ്‌റെ കാരവന് കൈകാണിക്കുമോ,ഏമാത്തിയും ഏമാനും.മുട്ടിടിക്കും.മുട്ട്.പാവം നാടകക്കാരേ വിട്ടേരെ,അവര്‍ ക്രിമിനലുകള്ാന്നുമല്ല അവര്‍ യഥാര്‍ത്ഥ കലാകാരന്മാരാണ്.തട്ടേ കേറി കിട്ടുന്ന വരുമാനമേ അവര്‍ക്കുളളൂ.ഉത്ഘാടനങ്ങള്‍ക്കും,ഫാഷന്‍ ഷോയും,ടീവി യിലെ കോപ്രായം പരിപാടികളൊന്നും അവര്‍ക്കില്ല.24000 രൂപ അവരുടെ വിയര്‍പ്പാണ്.ചോര നീരാക്കി അവര്‍ അധ്വാനിച്ചതാണ്.
അതിന് വിലയിടാന്‍ നിങ്ങള്‍ക്കാവില്ല.

Exit mobile version