കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ബിജെപിക്ക് വേറെ വഴിയില്ല; സുഭാഷ് വാസുവിനെ അനുനയിപ്പിക്കാന്‍ ശ്രമം

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് സുഭാഷ് വാസുവിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടുത്തുമെന്ന് ബിജെപി. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിയെ ബിജെപി അംഗീകരിക്കുകയാണെങ്കില്‍ എന്‍ഡിഎക്കെതിരെ കുട്ടനാട്ടില്‍ പ്രചാരണം നടത്തുമെന്ന് സുഭാഷ് വാസു ഭീഷണി മുഴക്കിയിരുന്നു.

അതേസമയം, സുഭാഷ് വാസുവിന്റെ പ്രവൃത്തികളില്‍ അതൃപ്തിയുണ്ടെങ്കിലും തത്കാലം ബിഡിജെഎസ് തര്‍ക്കത്തില്‍ ബിജെപി ഇടപെടില്ല. സുഭാഷ് വസുവിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബിജെപിക്ക് അദ്ദേഹത്തെ അനുനയിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമല്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് വാസുവുമായും ഉടന്‍ ചര്‍ച്ച നടത്തുമെന്ന് സൂചന നല്‍കിയിരുന്നു.

എന്നാല്‍ ഇത് പല തവണ മാറ്റിപ്പറഞ്ഞാണ് സുഭാഷ് വാസു കുട്ടനാട്ടില്‍ ടിപി സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ടിപി സെന്‍കുമാര്‍ സുഭാഷ് വാസുവിന്റെ നിര്‍ദ്ദേശം തള്ളിക്കളയാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഡിജെഎസിനൊപ്പമാണെന്ന് ബിജെപിയുടെ പല നേതാക്കളും പരസ്യമായി അറിയിച്ചിരുന്നു.

എങ്കിലും തങ്ങള്‍ക്കെതിരായി കുട്ടനാട്ടില്‍ സുഭാഷ് വാസു പ്രവര്‍ത്തിക്കരുതെന്ന ചിന്ത ബിജെപിക്കുണ്ട്. കെസുരേന്ദ്രന്‍ സുഭാഷ് വാസുവുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന സൂചനയുണ്ട്. പുതിയ ബിജെപി സംസ്ഥാന – ജില്ലാ അധ്യക്ഷന്മാര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് കുട്ടനാട്ടില്‍ നടക്കുക.

Exit mobile version