കെഎസ്ആര്‍ടിയുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു; തലസ്ഥാനം സ്തംഭിച്ചത് നാല് മണിക്കൂര്‍

തിരുവനന്തപുരം: സ്വകാര്യ ബസ് റൂട്ട് മാറി ഓടിയതിനെ ചോദ്യം ചെയ്ത എടിഒയെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തലസ്ഥാനത്ത് നടത്തിയ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ പ്രതിനിധികളും ഡിസിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

അറസ്റ്റിലായ ജീവനക്കാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചെന്നും സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും കെഎസ്ആര്‍ടിസി യൂണിയന്‍ നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. എടിഒ ശ്യാം ലോപ്പസ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് നടന്നത്.

ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്വകാര്യ ബസ് സൗജന്യമായി സമാന്തര സര്‍വ്വീസ് നടത്തിയത് ചോദ്യം ചെയ്ത സിറ്റി എടിഒയെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. എറ്റിഒ സാം ലോപ്പസ്, ഡ്രൈവര്‍ സുരേഷ്, ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.

ആദ്യം സിറ്റി സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചതെങ്കിലും പിന്നീട് തമ്പാനൂരില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകളും തടയുകയായിരുന്നു.
കിഴക്കേക്കോട്ട, നെടുമങ്ങാട്, തമ്പാനൂര്‍ എന്നിവിടങ്ങളിലെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനു പിന്നാലെ ഇവിടങ്ങളില്‍ എത്തിയ യാത്രക്കാര്‍ വലഞ്ഞിരുന്നു. രോഗികളടക്കം യാത്രക്കാര്‍ ദുരിതത്തിലായി. നാലു മണിക്കൂറിലേറെയായി ബസുകളൊന്നും സര്‍വീസ് നടത്താതായതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Exit mobile version