ഇല്ലാത്ത പൈസ ഉണ്ടാക്കി കടലുകടന്നത് ജീവിതം കരയ്‌ക്കെത്തിക്കാനാണ്; ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ ദുരിതജീവിതമറിഞ്ഞ് കണ്ണീരോടെ കുടുംബം

കോവളം: കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികളുടെ ദുരിതമോര്‍ത്ത് കണ്ണീരൊഴുക്കുകയാണ് ഭാര്യമാരും മക്കളും ബന്ധുക്കളുമെല്ലാം. ഇറാനിലെ അസലൂരില്‍ കുടുങ്ങിയ മീന്‍പിടിത്ത തൊഴിലാളികളായ നാല് വിഴിഞ്ഞം സ്വദേശികളുടെ ദുരിതജീവിതമറിഞ്ഞതോടെയാണ് കുടുംബക്കാരും നാട്ടുകാരുമെല്ലം ആശങ്കയിലായത്. സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍.

വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനി സ്വദേശി സെല്‍വ മുത്തു(35), മുക്കോല കുഴിപ്പള്ളം സ്വദേശി തദയൂസ്(45), മുല്ലൂര്‍ ശ്രീനാരായണ ബില്‍ഡിങ്ങില്‍ വാടകയ്ക്ക് താമസിക്കുന്ന മെല്‍ബായ്(48), ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും തമിഴ്‌നാട് ഇനയത്ത് താമസിക്കുന്ന സെല്‍വരാജ്(50) എന്നിവരാണ് ഇറാനില്‍ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളിലെ വിഴിഞ്ഞം സ്വദേശികള്‍.

നാട്ടിലേക്ക് എന്ന് വരാനാകുമെന്ന ഭീതിയില്‍ അസലൂരിലെ ക്യാമ്പില്‍ കഴിയുകയാണ് ഇവര്‍. കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് ഇറാനില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതോടെ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാതെ കുടുങ്ങിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ആഹാരവും കുടിവെള്ളവും സാധനങ്ങള്‍ വാങ്ങാന്‍ രൂപയും ഇല്ലാത്തതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ സങ്കടം വീട്ടുകാരെ അറിയിച്ചിരുന്നു.

ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കണ്ണെത്താദൂരത്തെ ക്യാമ്പില്‍ കിടക്കുന്നവരുടെ ദുരിതമോര്‍ത്ത് ഭാര്യമാരും മക്കളും ബന്ധുക്കളും കണ്ണീരൊഴുക്കുകയാണ്. ആശ്വാസവാക്കുകളുമായി ഈ കുടുംബങ്ങള്‍ക്കൊപ്പം വിഴിഞ്ഞം ഇടവകയും ചേര്‍ന്നു. ഒരുലക്ഷം രൂപയോളം കടമെടുത്താണ് ഇറാനിലെത്തിയത്. ശമ്പളം വാങ്ങി നാട്ടില്‍ അയച്ചുവെങ്കിലും ഇനിയുള്ള ദിവസങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് ഞായറാഴ്ച വൈകീട്ട് വിളിച്ച് തദയൂസ് പറഞ്ഞതായി ഭാര്യ എലിസബത്ത് റാണി പറഞ്ഞു. സര്‍ക്കാരിന്റെ നടപടിയിലാണ് ഇനി ഈ കുടുംബങ്ങളുടെ പ്രതീക്ഷ.

Exit mobile version