ഏറെ നാളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം സഫലമായി; മണികണ്ഠനെ കാണാന്‍ കാച്ചാണിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി

തിരുവനന്തപുരം: ജന്മനാ ശാരീരിക അവശതകള്‍ മൂലം ശയ്യാവലംബിയായ മണികണ്ഠന്റെ ഏറെനാളായുള്ള ആഗ്രഹമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെ ഒരു തവണയെങ്കിലും നേരില്‍ കാണണമെന്ന്. ഈ ആഗ്രഹമാണ് കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി സാക്ഷാത്കരിച്ചത്. കാച്ചാണിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി മണികണ്ഠന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

ലൈഫ് ഭവന പദ്ധതി വഴിരണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്ന ഈ സുദിനത്തിലാണ് മണികണ്ഠന്റെ ആഗ്രഹവും സഫലമായത്. 43 വയസുള്ള മണികണ്ഠന് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ കാണണമെന്ന മണികണ്ഠന്റെ ആഗ്രഹം പരിചയക്കാരായ പാര്‍ട്ടി സഖാക്കള്‍ വഴി പ്രാദേശിക പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു.

ലൈഫ് ഭവന പദ്ധതിയില്‍ കരകുളം ഏണിക്കരയില്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനെത്തിയ മുഖ്യമന്ത്രി മണികണ്ഠന്റെ വീട്ടിലേക്കുമെത്തി. കുറച്ച് സമയം മണികണ്ഠനോടൊപ്പം ചെലവഴിച്ച മുഖ്യമന്ത്രി സുഖവിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. മണികണ്ഠനെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് വളരെ സന്തോഷം നല്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്

മുഖ്യമന്ത്രിയെന്ന നിലയില്‍ ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. എല്‍ഡി എഫ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്ന എല്ലാവര്‍ക്കും വീടെന്ന സ്വപ്നം പാതിവഴി പിന്നിട്ടിരിക്കുകയാണിന്ന്. ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീട് പൂര്‍ത്തീകരണത്തിന്റെ ഭാഗമായി കരകുളം ഏണിക്കരയിലെ ചന്ദ്രന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തു.

അതിനു അടുത്ത് കാച്ചാണിയിലാണ് ജന്മനാ ശാരീരിക അവശതകള്‍ മൂലം ശയ്യാവലംബിയായ മണികണ്ഠന്റെ വീട്. മണികണ്ഠന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒന്ന് കാണണം എന്നത്. പരിചയക്കാരായ പാര്‍ടി സഖാക്കള്‍ വഴി പ്രാദേശിക പാര്ടി നേതൃത്വം ഈ വിവരം അറിയിച്ചപ്പോള്‍ തന്നെ അടുത്ത അവസരത്തില്‍ മണികണ്ഠനെ വീട്ടില്‍ പോയി കാണാം എന്ന് തീരുമാനിച്ചിരുന്നു. ലൈഫ് വഴി രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുന്ന ഈ സുദിനത്തില്‍ തന്നെ മണികണ്ഠനെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്നു.

Exit mobile version