ശരണ്യയുടെ പേരിൽ ലോണെടുത്ത് മുങ്ങാൻ നിഥിൻ ശ്രമിച്ചെന്നും പോലീസ്

കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നരവയസുകാരൻ വിയാനെ അമ്മ ഇല്ലാതാക്കിയത് കാമുകന്റെ വാക്ക് വിശ്വസിച്ചെന്ന് സ്ഥിരീകരിച്ച് പോലീസ്. കാമുകനായ നിഥിനൊപ്പം ജീവിക്കാനായാണ് ശരണ്യ കുഞ്ഞിനെ ഇല്ലാതാക്കിയതെന്നും ഭർത്താവിന്റെ തലയിൽ കൊലപാതം കെട്ടിവെയ്ക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. കുഞ്ഞിനെ പാറക്കൂട്ടത്തിൽ എറിഞ്ഞു കൊന്ന കേസിൽ, ശരണ്യയുടെ കാമുകൻ നിഥിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, ശരണ്യയുടെ മൊഴിയാണ് നിഥിനിലേക്ക് പോലീസിനെ എത്തിച്ചതെങ്കിലും ഒരുപാട് കള്ളങ്ങൾ പറഞ്ഞ ശരണ്യയുടെ മുഴുവൻ വാക്കുകളും വിശ്വസിക്കാതെ കരുതലോടെ തെളിവുകൾക്കായി കാത്തിരിക്കുകയായിരുന്നു പോലീസ്. ഒടുവിൽ സോഷ്യൽമീഡിയയിലൂടെ അടക്കമുള്ള ഇരുവരുടേയും ചാറ്റ് ഉൾപ്പടെ വിശദമായി പരിശോധിച്ചാണ് നിഥിനെ പോലീസ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

വിശദമായ അന്വേഷണത്തിന് ശേഷമാണ് ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിഥിനെ കൊലപാതക പ്രേരണകുറ്റം ചുമത്തി സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയാണ് ഇയാൾ.

നിഥിന്റെ പങ്കിനെ കുറിച്ച് ശരണ്യയുടെ ഭർത്താവ് പ്രണവും പോലീസിന് മൊഴി നൽകിയിരുന്നു. ശരണ്യയെ നിഥിൻ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സ്വർണ്ണാഭരണങ്ങൾ നിഥിൻ കൈവശപ്പെടുത്തിയിരുന്നെന്നും പോലീസ് പറയുന്നു. ഗുഢാലോചനക്കുറ്റവും പ്രതിക്കുമേൽ ചുമത്തിയിട്ടുണ്ട്.

ഇരുവരുടേയും ബന്ധത്തെ കുറിച്ച് സാഹചര്യതെളിവുകൾക്കൊപ്പം ശരണ്യയും നിഥിനും നടത്തിയ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകളാണ് പോലീസിന് തുണയായത്. കുട്ടിയില്ലായിരുന്നെങ്കിൽ ശരണ്യയെ വിവാഹം കഴിച്ചേനെ എന്നതടക്കമുള്ള നിഥിന്റെ വാക്കുകൾ കുറ്റകൃത്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചെന്നാണ് പോലീസ് പറയു ന്നത്.

കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാൻ വീട്ടിൽ പോയിരുന്നുവെന്ന് നിഥിൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ശരണ്യയെകൊണ്ട് ബാങ്കിൽ നിന്നും ലോൺ എടുത്ത് ആ പണം കൊണ്ട് നാട്ടിൽ നിന്നും കടക്കാനും ഇയാൾ ശ്രമിച്ചതായി പോലീസ് പറയുന്നു. ഇയാൾ ബാങ്ക് ലോണിന് ശ്രമിച്ചതിന്റെ രേഖകൾ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Exit mobile version