കെ സുരേന്ദ്രന് കീഴിൽ പദവികൾ ഏറ്റെടുക്കില്ല; തറപ്പിച്ച് പറഞ്ഞ് എഎൻ രാധാകൃഷ്ണൻ; ബിജെപിയിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിന് പിന്നാലെ ബിജെപിയിൽ ഉടലെടുത്ത പൊട്ടിത്തെറിക്ക് അവസാനമില്ല. കെ സുരേന്ദ്രന് കീഴിൽ പദവികൾ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

ദേശീയ സംഘടന സെക്രട്ടറി ബിഎൽ സന്തോഷുമായുള്ള ചർച്ചയിലും രാധാകൃഷ്ണൻ നിലപാട് ആവർത്തിച്ചു.

ഇതിനിടെ, ഗ്രൂപ്പ് നോക്കി മണ്ഡലം, ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കാനൊരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. കാസർകോട് രവീശ തന്ത്രി കുണ്ടാർ ഉയർത്തിയ പരസ്യ വിമർശനവും സുരേന്ദ്രനെതിരെ ആയുധമാക്കാനാണ് ഈ പക്ഷത്തിന്റെ നീക്കം. കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടുനിന്ന മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും അതൃപ്തയാണ്. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ചിലരെ മാറ്റാൻ മുരളീധരപക്ഷത്തിന് ആലോചനയുണ്ട്. ദേശീയ നേതൃത്വത്തിൻറെ ഒത്ത് തീർപ്പ് ശ്രമങ്ങൾ ഇനിയും തുടരാനാണ് സാധ്യത.

അതേസമയം, കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് കാസർകോട്ടെയും തിരുവനന്തപുരത്തെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഭാരവാഹികൾ രാജി വെച്ചിരുന്നു. ഭാരവാഹി നിർണയത്തിൽ പ്രതിഷേധിച്ച് യുവമോർച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാർ രാജി വെച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ നേടിയ നേതാവിനെ ഭാരവാഹി നിർണയത്തിൽനിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജിയുണ്ടായത്. സംസ്ഥാന അധ്യക്ഷൻ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ഗ്രൂപ്പ് കളിക്ക് കൂട്ടുനിൽക്കുകയാണെന്നുമാണ് രാജിവെച്ച മഹേഷ് കുമാർ ആരോപിച്ചത്. തിരുവനന്തപുരത്ത് പാർട്ടിയിൽനിന്നും 200 ഓളം പേർ രാജിക്കൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version