അധ്യക്ഷനായും ഉദ്ഘാടകനായും കെ ബാബുവിനെ തീരുമാനിച്ചു; എങ്കില്‍ പിന്നെ ഈശ്വരപ്രാര്‍ത്ഥനയും ബാബുതന്നെ ചൊല്ലട്ടെയെന്ന് ഒരു വിഭാഗം

കൊച്ചി; അധ്യക്ഷനായും ഉദ്ഘാടകനായും മുന്‍ മന്ത്രി കെ ബാബുവിനെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഭരണഘടനസംരക്ഷണ റാലിയുടെ ഉദ്ഘാടകനായും കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന സമ്മേളനത്തിന്റെ അധ്യക്ഷനായുമാണ് ബാബുവിനെ തീരുമാനിച്ചത്. ഇതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

ഇതിന്റെ പേരില്‍ യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ വഴക്കായി. ഉന്തും തള്ളുമായതോടെ ഒരു വിഭാഗം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കോണ്‍ഗ്രസ് കുമ്പളം കമ്മിറ്റി മാര്‍ച്ച് ഒന്നിന് നടത്തുന്ന ഭരണഘടനസംരക്ഷണ റാലിയുടെ ഉദ്ഘാടകനായും അന്നുതന്നെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന സമ്മേളനത്തിന്റെ അധ്യക്ഷനായുമാണ് ബാബുവിനെ തീരുമാനിച്ചത്.

അതേസമയം, മണ്ഡലം കമ്മിറ്റിയുടെ പരിപാടികളില്‍ മണ്ഡലം പ്രസിഡന്റാണ് അധ്യക്ഷനാകേണ്ടതെന്ന് പറഞ്ഞ് ഐ വിഭാഗം രംഗത്തെത്തുകയായിരുന്നു. എല്ലാ സ്ഥാനവും വഹിക്കുമെങ്കില്‍ ഈശ്വരപ്രാര്‍ത്ഥനയും ബാബുതന്നെ ചൊല്ലട്ടെ എന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

മണ്ഡലം കമ്മിറ്റിയുടെ പരിപാടിയില്‍ ബാബുവിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത് തെറ്റായിപ്പോയെന്ന് പിന്നീട് പ്രസിഡന്റ് സമ്മതിച്ചതോടെ നോട്ടീസില്‍ കെ ബാബുവിന്റെ പേരുമാറ്റിയടിക്കണം എന്ന് ഐ വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അത് പറ്റില്ലെന്ന് പ്രസിഡന്റ് പറഞ്ഞതോടെ യോഗത്തില്‍ അടിപിടിയായി. തുടര്‍ന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി.

Exit mobile version