ഇത്തവണയും കോണ്‍ഗ്രസിനെ തറപ്പറ്റിച്ച് ഇടത് സ്ഥാനാര്‍ത്ഥി; അജിത ജയരാജന്‍ വീണ്ടും തൃശ്ശൂര്‍ മേയര്‍

ഈ കാലയളവില്‍ ഇത് രണ്ടാം തവണയാണ് അജിത മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്.

തൃശ്ശൂര്‍: ഇത്തവണയും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയറായി അജിത ജയരാജനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ പ്രസീജ ഗോപകുമാറിനെ 20 ന് എതിരെ 26 വോട്ടുകള്‍ക്കാണ് അജിത ജയരാജന്‍ പരാജയപ്പെടുത്തിയത്. ഇടതുമുന്നണിയില്‍ ഒരു സിപിഎം അംഗത്തിന്റെയും കോണ്‍ഗ്രസിന്റെ രണ്ട് വോട്ടും അസാധുവായി.

55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 27ഉം യുഡിഎഫിന് 22ഉം ബിജെപിക്ക് 6ഉം അംഗങ്ങളാണുള്ളത്. 49 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. കളക്ടര്‍ എസ് ഷാനവാസ് വരണാധികാരിയായിരുന്നു. അതേസമയം, ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കുകയും ചെയ്തു.

സിപിഐ പ്രതിനിധി ആയിരുന്ന അജിത വിജയന്‍ ഇടത് മുന്നണിയിലെ ധാരണ പ്രകാരം രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ കാലയളവില്‍ ഇത് രണ്ടാം തവണയാണ് അജിത മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. മേയര്‍ സ്ഥാനം ആദ്യ മൂന്ന് വര്‍ഷവും അവസാന വര്‍ഷവും സിപിഎമ്മിനും നാലാം വര്‍ഷം സിപിഐക്കും എന്നതാണ് ഇടത് മുന്നണിയിലെ ധാരണ.

Exit mobile version