കൊട്ടും കുരവയുമില്ലാതെ മന്ത്രി പുത്രിയുടെ വിവാഹം! അച്ഛന്റെയും അമ്മയുടെയും പാതയില്‍ നീലിയ്ക്കും ലളിതഗംഭീര വിവാഹം

കാസര്‍കോട്: ആര്‍ഭാടരഹിതമായി ലളിതഗംഭീരമായി മന്ത്രി പുത്രിയുടെ വിവാഹം. പുഷ്പഹാരമണിയിക്കലും താലി ചാര്‍ത്തലും ഉള്‍പ്പെടെ 10 മിനിറ്റിലായിരുന്നു വിവാഹം.

മന്ത്രി ഇ ചന്ദ്രശേഖരന്റെ മകള്‍ നീലിയുടെ വിവാഹമാണ് ലളിതമായി നടന്നത്. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിയുടെ മകള്‍ നീലി ചന്ദ്രന് കാസര്‍കോട് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് റിട്ട. മാനേജര്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി കുഞ്ഞികൃഷ്ണന്‍ നായരുടെ മകന്‍ പി വിഷ്ണു താലി കെട്ടി.

കൊട്ടും കുരവയുമില്ല. പണക്കൊഴുപ്പിന് ഇടം നല്‍കാത്ത വേദി. പങ്കെടുത്തവര്‍ക്കെല്ലാം ചായയും ബിസ്‌കറ്റും. എ4 സൈസ് പേപ്പറില്‍ അച്ചടിച്ച ലളിതമായ വിവാഹ ക്ഷണക്കത്ത് നേരത്തേ തന്നെ എല്ലാവരും ശ്രദ്ധിച്ചിരുന്നു.

ടൗണ്‍ഹാളും പരിസരവും നിറഞ്ഞുകവിഞ്ഞ ജനം. അവരെയെല്ലാം നേരിട്ടു സ്വീകരിച്ച് നാടിന്റെ സ്വന്തം ‘ചന്ദ്രേട്ടന്‍’. മുഖ്യമന്ത്രി പിണറായി വിജയന്‍ സദസ്സിന്റെ മുന്‍നിരയില്‍ ഉപവിഷ്ടനായതോടെ ചടങ്ങുകള്‍ തുടങ്ങി.

പ്രശസ്തരുടെ പങ്കാളിത്തം കൊണ്ടു ഗംഭീരമായിരുന്നു ചടങ്ങ്. മുഖ്യമന്ത്രിയുള്‍പ്പെടെ 17 മന്ത്രിമാര്‍. കൂടാതെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, എംപി, എംഎല്‍എമാരുള്‍പെട്ട വലിയ രാഷ്ട്രീയ സദസ്സ്. ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ജനപ്രിയനായ മന്ത്രിയുടെ മകളുടെ വിവാഹത്തിനു സാക്ഷ്യം വഹിക്കാന്‍ നാടു മുഴുവന്‍ ഒഴുകിയെത്തി.

1981ല്‍ ആയിരുന്നു ഇ ചന്ദ്രശേഖരന്റെയും വി സാവിത്രിയുടെയും വിവാഹം. താലികെട്ടും പുടവ കൈമാറ്റവുമില്ലാതെ പൂമാല ചാര്‍ത്തലില്‍ ഒതുക്കിയ ഹ്രസ്വമായ ചടങ്ങ്. പങ്കെടുത്തവര്‍ക്കു നല്‍കിയതു നാരങ്ങ സര്‍ബത്ത്. കാര്‍മികത്വം വഹിച്ചത് അന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന മുന്‍ മന്ത്രി പരേതനായ ഡോ. എ സുബ്ബറാവു. രക്ഷിതാക്കളുടെ വഴിയേ മകളുടെ വിവാഹവും നടന്നപ്പോള്‍ ലാളിത്യത്തിന്റെ തുടര്‍ച്ചയായി.

Exit mobile version