കരുണ സംഗീത നിശ: ആഷിക് അബുവിന് മണി ഓര്‍ഡര്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പ്രതിഷേധം

കൊച്ചി: കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ആഷിഖ് അബുവിന് മണി ഓര്‍ഡര്‍ അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ആലുവയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആഷിക് അബുവിന് മണി ഓര്‍ഡര്‍ അയച്ചത്.

ചെറിയൊരു തുകമാത്രം നല്‍കി രക്ഷപെടാനാണ് പരുപാടിയുടെ സംഘാടകരുടെ ശ്രമമെന്ന് സമരക്കാര്‍ ആരോപിച്ചു. കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. സംഗീത നിശ സംബന്ധിച്ചുള്ള ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളടക്കം ആരോപണം ഉന്നയിച്ചതോടെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്.

അതിനിടെ സംഗീത നിശയുമായി ബന്ധപ്പെട്ട് സംഘാടകരെ പോലീസ് ചോദ്യം ചെയ്തു. പരിപാടി നഷ്ടമായിരുന്നുവെന്നാണ് സംഘാടകര്‍ പോലീസിന് മൊഴി നല്‍കിയത്. 23 ലക്ഷം രൂപയോളം പരിപാടിക്കായി ചിലവായെന്നും ടിക്കറ്റ് വരുമാനത്തിലൂടെ ആകെ 6.22 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നുമാണ് സംഘാടകര്‍ പറയുന്നത്. വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ പോലീസ് മേധാവിക്ക് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ദുരിതാശ്വാസനിധി സമാഹരണത്തിനായി സംവിധായകന്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയാണ് വിവാദത്തിലായത്. 2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ സംഗീതമേള സംഘടിപ്പിച്ചത്. ദുരിതാശ്വാസനിധി സമാഹരണത്തിനെന്ന് പറഞ്ഞ് സംഘടിപ്പിച്ച പരിപാടിയുടെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ലെന്ന് ആയിരുന്നു ആരോപണം.

Exit mobile version