യുവതി പ്രവേശനം; കീഴ്‌ക്കോടതി പരാമര്‍ശങ്ങള്‍ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്നു!വിഷയത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം ആവശ്യപ്പെട്ട് പോലീസ് സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളാ പോലീസ് സുപ്രീംകോടതിയെ സമീപിക്കും.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന പോലീസിന്റെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ ഹൈക്കോടതി ഉള്‍പ്പെടെ പല കോടതികളില്‍ നിന്നും ഹര്‍ജികള്‍ വരുന്നു. ഇതിനാല്‍ വിധി നടപ്പാക്കാനാകുന്നില്ലെന്നും പോലീസ് വ്യക്തമാക്കും

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ വരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് പോലീസിന് എതിരായി വരുന്നത്.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാനും ക്രമസമാധാനപാലനത്തിനുമാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതെന്ന് എജിയടക്കം ഹൈക്കോടതിയില്‍ ഹാജരായി പല തലവണ വിശദീകരണം നല്‍കേണ്ടി വന്നിരുന്നു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഡിജിപിയ്ക്ക് സത്യവാങ്മൂലം നല്‍കേണ്ടിയും വന്നു.

വിഷയത്തില്‍ കൃത്യമായ നിയന്ത്രണച്ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല. ഹൈക്കോടതിയില്‍ നിന്നടക്കമുണ്ടാകുന്ന പരാമര്‍ശങ്ങള്‍ അനുസരിച്ച് ചട്ടങ്ങള്‍ മാറ്റേണ്ടി വരുന്നുവെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിയ്ക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുക. ശബരിമലയില്‍ അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ ഭക്തരെയല്ല. പ്രക്ഷോഭകാരികളെയാണ് അതിനു പോലും വിമര്‍ശനം നേരിടേണ്ടി വന്നെന്നും പോലീസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിയ്ക്കാനാണ് പോലീസ് നീക്കം.

Exit mobile version