ടിക്കറ്റ് വരുമാനം ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് കൊടുക്കാന്‍ തീരുമാനിച്ചു, കൊടുത്തു; ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്ന പരിപാടിയല്ല കരുണ; ഹൈബി ഈടന് ആഷിഖ് അബുവിന്റെ മറുപടി

രേഖ ഉള്‍പ്പടെയാണ് അദ്ദേഹം മറുപടി നല്‍കിയത്.

കൊച്ചി: കരുണ എന്ന് പേരിട്ടു നടത്തിയ ഈ സംഗീതനിശ ഒരു വലിയ തട്ടിപ്പായിരുന്നുവെന്ന എറണാകുളം എംപി ഹൈബി ഈടന് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ എന്ന് ആഷിഖ് അബു കുറിച്ചു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചതാണ്. അത് കൊടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.

രേഖ ഉള്‍പ്പടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. കൊച്ചി ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിന്റെ’ പ്രഖ്യാപനത്തിനായി, കൊച്ചി മ്യൂസിക് ഫൌണ്ടേഷന്‍ പൂര്‍ണ്ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ്. അതുകൊണ്ടാണ് താങ്കളുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായത്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോയെന്ന് ആഷിഖ് അബു കുറിച്ചു. മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്രസംഗീതരംഗത്തുമുള്ള മുന്‍നിരക്കാരായ കലാകാരന്മാര്‍ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൗണ്ടേഷന്‍, ആര്‍എസ്‌സി ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ സ്‌നേഹപൂര്‍വ്വം അനുവദിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

ഈ പറഞ്ഞ സ്റ്റേഡിയം വിവിധ ആവശ്യങ്ങള്‍ക്കായി സൗജന്യമായി അനുവദിക്കാറുണ്ടെന്ന വിവരം താങ്കള്‍ക്കറിയുന്നതാണല്ലോയെന്നും അദ്ദേഹം ചോദിച്ചു. റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന് തീരുമാനമെടുക്കാവുന്ന കാര്യമാണത്. കലാകാരന്മാരും അതേ ആവശ്യം സോപോര്‍ട്‌സ് സെന്ററിനോട് അഭ്യര്‍ത്ഥിച്ചു, അവരനുവദിച്ചു. ഇതിലെവിടെയാണ് തട്ടിപ്പ്? ആഷിഖ് അബു ചോദിച്ചു.

സര്‍ക്കാര്‍ ഫണ്ടുപയോഗിക്കാത്ത, പൂര്‍ണ്ണമായും ഫൗണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് ‘തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു ‘ എന്ന് താങ്കള്‍ വളരെ ഉറപ്പോടെ എഴുതുന്നത്? താങ്കള്‍ കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്നിരിക്കേ, ഉടന്‍ തന്നെ താങ്കള്‍ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കണമെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എറണാകുളം എംപി
ശ്രീ ഹൈബി ഈടനുള്ള മറുപടിയും ചോദ്യവും.

താങ്കളുടെ അറിവിലേക്കായി ,
ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല കരുണ.
ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൌണ്ടേഷന്‍ തീരുമാനിച്ചതാണ്.
അത് കൊടുക്കുകയും ചെയ്തു. (രേഖ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു ). ‘ കൊച്ചി ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിന്റെ’ പ്രഖ്യാപനത്തിനായി, കൊച്ചി മ്യൂസിക് ഫൌണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചിലവില്‍ നടത്തിയ പരിപാടിയാണ്. അതുകൊണ്ടാണ് താങ്കളുടെ ഓഫീസില്‍ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂര്‍ത്തീകരിക്കാനായത്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയില്‍ സൗജന്യ പാസെന്ന സങ്കല്പം തന്നെയില്ലല്ലോ.

മലയാള ചലച്ചിത്രരംഗത്തും സ്വതന്ത്രസംഗീതരംഗത്തുമുള്ള മുന്‍നിരക്കാരായ കലാകാരന്മാര്‍ ഒത്തുചേരുന്ന ചരിത്രപ്രാധാന്യമുള്ള ഉദ്യമം എന്ന നിലയിലും, ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നുള്ളതുകൊണ്ടും കൊച്ചി റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ (RSC) കീഴിലുള്ള കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി തരണമെന്ന് ഫൌണ്ടേഷന്‍,RSC ഭാരവാഹികളോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ സ്‌നേഹപൂര്‍വ്വം അനുവദിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ പറഞ്ഞ സ്റ്റേഡിയം വിവിധ ആവശ്യങ്ങള്‍ക്കായി സൗജന്യമായി അനുവദിക്കാറുണ്ടെന്ന വിവരം താങ്കള്‍ക്കറിയുന്നതാണല്ലോ. റീജിണല്‍ സ്‌പോര്‍ട്‌സ് സെന്ററിന് തീരുമാനമെടുക്കാവുന്ന കാര്യമാണത്. കലാകാരന്മാരും അതേ ആവശ്യം സോപോര്‍ട്‌സ് സെന്ററിനോട് അഭ്യര്‍ത്ഥിച്ചു, അവരനുവദിച്ചു. ഇതിലെവിടെയാണ് തട്ടിപ്പ്?

ഇവന്റ് മാനേജ് ചെയ്യുകയും ടിക്കറ്റ് വില്‍പ്പന നടത്തുകയും ചെയ്ത ഇമ്പ്രെസാരിയോക്കാരെ താങ്കളുടെ ഓഫീസില്‍ നിന്ന് പാസുകള്‍ക്കായി വിളിച്ച പോലൊരു ഫോണ്‍ വിളിയില്‍ വളരെ വ്യക്തമായി അറിയാന്‍ സാധിക്കുമായിരുന്ന കാര്യങ്ങള്‍ താങ്കള്‍ മനഃപൂര്‍വം ഒഴിവാക്കിയതാവാം. മറ്റു ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന അപവാദ പ്രചാരണങ്ങളെ അവഗണിക്കുകയാണ് പതിവ്, എന്നാല്‍ താങ്കള്‍ എന്റെ മണ്ഡലത്തെ ജനപ്രതിനിധിയാണ്, പറഞ്ഞകാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്നു. ആരോപണം ഉന്നയിക്കാനുള്ള അവകാശം മാനിക്കുന്നു.

എന്നാല്‍, സര്‍ക്കാര്‍ ഫണ്ടുപയോഗിക്കാത്ത, പൂര്‍ണമായും ഫൌണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്ക് നല്‍കിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് ‘തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു ‘ എന്ന് താങ്കള്‍ വളരെ ഉറപ്പോടെ എഴുതുന്നത്? താങ്കള്‍ കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്നിരിക്കേ, ഉടന്‍ തന്നെ താങ്കള്‍ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

ബഹുമാനപൂര്‍വ്വം

ആഷിഖ് അബു

ഹൈബി ഈടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

രണ്ടായിരത്തി പതിനെട്ടിന് ഉണ്ടായ പ്രളയത്തിന് ദുരിതാശ്വാസത്തിനു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത നിശയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ നാട് മുഴുവന്‍ വിറങ്ങലിച്ചു നിന്നപ്പോള്‍, പ്രതിഫലം പോലും കൈപറ്റാതെ സദുദ്ദേശ്യത്തോടെ ഒട്ടേറെ കലാകാരന്മാര്‍ ചെയ്ത ഒരു സദ്പ്രവര്‍ത്തിയെ, ആരോപണങ്ങള്‍ക്ക് വ്യക്തത വരാതെ വിമര്‍ശിക്കരുത് എന്ന് കരുതിയാണ് രണ്ടു ദിവസം പ്രതികരിക്കാതിരുന്നത്. എന്നാല്‍ വിവരാവകാശ രേഖയുള്‍പ്പടെ ഈ ആരോപണം പുറത്തു വന്നു ദിവസങ്ങളായിട്ടും, ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് ഇത് സംബന്ധിച്ച് ഒരു പ്രതികരണവും ഇല്ലായെന്നത് ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്നു. പ്രശസ്ത സിനിമാ സംവിധായകന്‍ ആഷിക് അബു ആണ് ഈ പരിപാടി സംവിധാനം ചെയ്തത്. ഈ പരിപാടിക്കായി കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ നല്‍കിയത് സൗജന്യമായാണ്, പങ്കെടുത്ത കലാകാരന്‍മാര്‍ പ്രതിഫലം മേടിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. സംഗീത നിശയ്ക്കു ശേഷം ആഷിക് അബു ഈ പരിപാടി വന്‍വിജയമായിരുന്നു എന്നും അവകാശപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ ശ്രീ. ബിജിബാല്‍ ഇപ്പോള്‍ പറയുന്ന കണക്കുകള്‍ നേരത്തെ ഇതിന്റെ സംഘാടകര്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വച്ചിരുന്നുമില്ല. ചുരുക്കി പറഞ്ഞാല്‍ കരുണ എന്ന് പേരിട്ടു നടത്തിയ ഈ സംഗീതനിശ ഒരു വലിയ തട്ടിപ്പായിരുന്നു എന്ന് വ്യക്തമാവുകയാണ്.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ എറണാകുളം എം.എല്‍.എ. യായിരുന്നു. തൊട്ടടുത്ത പറവൂര്‍, ആലുവ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍, എല്ലാം നഷ്ടപ്പെട്ട ഒരു ജനസമൂഹം അന്യന്റെ ദുരിതത്തോട് ഐക്യപ്പെട്ട് അവരില്‍ ഒന്നായി മാറി നടത്തിയ കരുണയോടുള്ള പ്രവര്‍ത്തനം മനസ്സ് നിറഞ്ഞു കണ്ടു അനുഭവപ്പെട്ടവനാണ്. വീട്ടുവേല ചെയ്തു ജീവിക്കുന്നവര്‍, ലോട്ടറി വില്‍പനക്കാര്‍ എന്ന് വേണ്ട പിഞ്ചു കുഞ്ഞുങ്ങള്‍ പോലും അവരുടെ കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകള്‍ സംഭാവനയായി നല്‍കുന്ന കഥകള്‍ നമ്മുടെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. ആ സമൂഹത്തിലാണ് ഒരു വരേണ്യ വര്‍ഗ്ഗം മനുഷ്യന്റെ സാഹോദര്യത്തെയും കരുണയയെയും ഒറ്റുകൊടുത്തിരിക്കുന്നത്. ആഷിക് അബു ഇത് സംബന്ധിച്ചു വ്യക്തമായ കണക്കുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കണം. അതല്ലെങ്കില്‍ ആ പരിപാടിയില്‍ ഒരു പൈസ പോലും പ്രതിഫലം മേടിക്കാതെ ആത്മാര്‍ത്ഥമായി പങ്കു ചേര്‍ന്ന കലാകാരന്മാരെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാവും. ആഷിക് അബു അതിന് തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്തണം. ആഷിക് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സി.പി.എം. നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവര്‍ത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്. സത്യം ജനങ്ങള്‍ അറിയട്ടെ.

Exit mobile version