ലക്ഷ്യം വിദ്യാര്‍ത്ഥികള്‍; വീട്ടിലെ വിറകുപുരയില്‍ ഒളിപ്പിച്ച ഒന്നരലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ഗൃഹനാഥന്‍ അറസ്റ്റില്‍

ആലപ്പുഴ: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്‍പ്പന നടത്തിക്കൊണ്ടിരുന്ന ഒന്നരലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആലപ്പുഴയിലെ ചേര്‍ത്തല മരുത്തോര്‍വട്ടം ടാഗോര്‍ സ്‌കൂളിന് സമീപത്തു നിന്നാണ് ഇവ പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് കച്ചവടക്കാരന്‍ കാര്‍ത്തികേയനെ പോലീസ് അറസ്റ്റുചെയ്തു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മാരാരിക്കുളം പോലീസ് കാര്‍ത്തികേയന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. വീട്ടിലെ വിറകുപുരയില്‍ മൂന്ന് ചാക്കുകളാലായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഉല്‍പ്പന്നങ്ങള്‍. അയ്യായിരത്തോളം പാക്കറ്റുകളിലാക്കിയാണ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചുവച്ചത്.

വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. ചെറുകിട കച്ചവടക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഇവ വിറ്റിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഗൃഹനാഥനായ കാര്‍ത്തികേയനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നാണ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.

Exit mobile version