ആണത്തമുള്ള മനുഷ്യന്റെ കൂടെ അഭിനയിച്ചതില്‍ അഭിമാനിക്കുന്നു; വിജയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഹരീഷ് പേരടി

തമിഴ് സിനിമാതാരം വിജയ്ക്ക് പിന്തുണയറിയിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി വിജയ്ക്ക് പിന്തുണ അറിയിച്ചത്. ആണത്തമുള്ള മനുഷ്യന്റെ കൂടെ അഭിനയിച്ചതില്‍ അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ താരം ഫേസ്ബുക്കില്‍ പങ്കുവെച്ചു.മെര്‍സല്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമാതാരങ്ങളും പ്രമുഖരുമടക്കം നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വിജയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കാമ്പയിനുകളും തുടരുന്നുണ്ട്. ലക്ഷക്കണക്കിന് ട്വീറ്റുകളാണ് ഇതിനോടകം പുറത്തുവന്നത്. ട്വിറ്ററിലും വിജയ്‌ക്കൊപ്പം എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റുകള്‍ തരംഗമായി മാറുകയാണ്. ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത നടന്‍ വിജയിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികളാണ് പുലര്‍ച്ചെയും തുടരുന്നത്. ബിഗില്‍ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിര്‍മാണ കമ്പനിയും വിജയും നല്‍കിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനക്ക് കാരണമായി പറയുന്നത്. അതേസമയം, പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മുന്നോട്ട് വന്ന രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ അവസാനിപ്പിച്ചതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്.

Exit mobile version