ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലിംകളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ശ്രമിച്ചു; മതവിദ്വേഷപ്രസംഗം നടത്തിയ ഫാ. ജോസഫ് പുത്തന്‍പുരക്കലിനെതിരെ പരാതി

കണ്ണൂര്‍: മതവിദ്വേഷപ്രസംഗം നടത്തിയ ഫാ. ജോസഫ് പുത്തന്‍പുരക്കലിനെതിരെ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി. പ്രസംഗത്തിനിടയില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പഴയങ്ങാടി സ്വദേശി ബി തന്‍വീര്‍ അഹമ്മദാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പ്രസംഗം മതസ്പര്‍ദ്ദയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ളതായിരുന്നുവെന്നും ക്രിസ്ത്യന്‍, ഹിന്ദു മതവിശ്വാസികള്‍ക്കിടയില്‍ മുസ്ലിംകളോട് വിദ്വേഷവും പകയും ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് മാത്രം നടത്തിയതാണ് പ്രസ്തുത പ്രസംഗമെന്നും തന്‍വീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രസംഗത്തിലുടനീളം ചരിത്രത്തെ വളച്ചൊടിച്ച് മുസ്ലിം വിരോധം ജനിപ്പിക്കാനുള്ള വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ലോകത്താകെ ക്രിസ്ത്യാനികളെ കൊല്ലുന്നത് മുസ്ലിംകളാണെന്നുള്ള പ്രസംഗം തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളില്‍ മുസ്ലിം വിരോധം ഉണ്ടാക്കാനും മുസ്ലിംകളെ വെറുക്കാന്‍ ആഹ്വാനം ചെയ്യുന്നതുമാണെന്നും തന്‍വീര്‍ ചൂണ്ടിക്കാട്ടി.

ഫാ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചെന്നും നിയമനടപടി സ്വീകരിക്കണമെന്നും തന്‍വീര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. ഇതിന് മുമ്പും ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ വിവാദപരമായ പരാമര്‍ശം നടത്തിയിരുന്നു. കഴിഞ്ഞമാസം കോട്ടയം ജില്ലയിലെ ഒരു ദേവാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ വിവാദപരമായ പരാമര്‍ശം നടത്തിയ ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ പരസ്യമായി മാപ്പപേക്ഷ നടത്തിയിരുന്നു.

Exit mobile version