വീടിന് വൈദ്യതി കണക്ഷൻ നൽകാൻ ആയിരം രൂപ കൈക്കൂലി വാങ്ങി; കുറ്റിപ്പുറം കെഎസ്ഇബി ഓവർസിയറെ വിജിലൻസ് പിടികൂടി

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥനെ വിജിലൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം കെഎസ്ഇബി ഓവർസിയറെ മലപ്പുറം വിജിലൻസ് ഡിവൈഎസ്പി എ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൊഴിയൂർ സ്വദേശി മൈക്കിൾ പിള്ള (54)യാണ് അറസ്റ്റിലായത്.

പരാതിക്കാരൻ വീടുപണിക്ക് വൈദ്യുതി യൂണിറ്റ് നിരക്കിൽ താത്കാലിക അനുമതി ലഭിക്കുന്നതിന് അപേക്ഷ നൽകിയിരുന്നെങ്കിലും കണക്ഷൻ നൽകിയില്ല. വീടിന്റെ പണി കഴിഞ്ഞശേഷം തന്നെ വിളിച്ചാൽമതിയെന്നു ഓവർസിയർ പറഞ്ഞ് അപേക്ഷ വാങ്ങാതെ തിരിച്ചയയ്ക്കുകയായിരുന്നു. വീടുപണി കഴിഞ്ഞശേഷം ഓവർസിയറെ വിളിച്ചപ്പോൾ ആയിരം രൂപ ആവശ്യപ്പെട്ടു.

ആയിരം രൂപ അടയ്ക്കാൻ പറഞ്ഞ പരാതിക്കാരനോട് വിലപേശിയപ്പോൾ അവസാനം എഴുനൂറ് രൂപ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. കെഎസ്ഇബിയിൽ പണം അടയ്ക്കുന്നതിനുപകരം അപേക്ഷകരിൽനിന്ന് പണം നേരിട്ട് കൈപ്പറ്റുകയായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസിൽ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ പണം കൈപ്പറ്റുന്നതിനിടെ കെഎസ്ഇബി ഓഫീസിൽ വെച്ച് തിങ്കളാഴ്ച രാത്രി ഏഴോടെ ഇയാളെ പിടികൂടുകയായിരുന്നു. തുടർനടപടികൾക്കുശേഷം പ്രതിയെ ചൊവ്വാഴ്ച വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Exit mobile version