പിരിഞ്ഞുപോകുന്ന ആഘോഷം ഗംഭീരമാക്കാൻ പ്ലസ്ടു വിദ്യാർത്ഥികളുടെ ‘ബൈക്ക് അഭ്യാസം’; പദ്ധതി പൊളിച്ച് 35ഓളം ബൈക്കുകൾ കസ്റ്റഡിയിലെടുത്തും അരലക്ഷത്തോളം പിഴയിട്ടും എംവിഡി

കൊല്ലം: സ്‌കൂളിൽ നിന്നും പിരിഞ്ഞുപോകുന്നതിന്റെ ആഘോഷം ഗംഭീരമാക്കാൻ രഹസ്യമായി ബൈക്ക് അഭ്യാസത്തിന് പദ്ധതിയിട്ട പ്ലസ്ടു വിദ്യാർത്ഥികളെ പൂട്ടി മോട്ടോർ വാഹന വകുപ്പ്. ബൈക്കുകളിൽ അഭ്യാസം കാട്ടാൻ ഒരുങ്ങി നിന്ന വിദ്യാർത്ഥികളെ രഹസ്യവിവരത്തെ തുടർന്ന് സ്‌കൂളിലെത്തിയ ഉദ്യോഗസ്ഥർ കൈയ്യോടെ പൊക്കുകയായിരുന്നു. 35 ഓളം ബൈക്കുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം.

കുറ്റിക്കാട് സിപി ഹയർ സെക്കന്ററി സ്‌കൂൾ, കോട്ടപ്പുറം പിഎംഎസ്എ ആർട്‌സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിലായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ മിന്നൽപരിശോധനയിലാണ് വിദ്യാർത്ഥികൾ കുരുങ്ങിയത്.

ബൈക്കുകളിൽ അമിത വേഗത കാട്ടി അഭ്യാസം നടത്തുമെന്നു മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്നാണ് വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സംഘം സിപി ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തുകയായിരുന്നു. പിഎംഎസ്എ കോളജിൽ കോളജിനകത്ത് പരിശോധന നടത്തി സൈലൻസർ ഉൾപ്പെടെ രൂപം മാറ്റിയത് കണ്ടെത്തി പിഴ ഈടാക്കി. ഉദ്യോഗസ്ഥരുടെ മുൻകരുതൽ നടപടിയോടെ ബൈക്കുമായി ആഘോഷിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് പിഴയും സ്വീകരിച്ച് മടങ്ങേണ്ടി വന്നു. 43,000 രൂപയാണ് പിഴയിനത്തിൽ സർക്കാരിലേക്ക് വിദ്യാർത്ഥികൾക്ക് ആകെ നൽകേണ്ടി വന്നത്. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അമിത വേഗതയ്ക്കും ബൈക്കുകളുടെ സൈലൻസർ ഉൾപ്പെടെ രൂപ മാറ്റം വരുത്തിയതിനുമാണ് പിഴ.

Exit mobile version