ആശ്വാസം! ആര്‍ക്കും കൊറോണയില്ല; കേരളത്തില്‍ നിന്ന് അയച്ച സാമ്പിളുകളെല്ലാം നെഗറ്റീവ്

രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന ആര്‍ക്കും കൊറോണ വൈറസില്ലെന്ന് പരിശോധന ഫലം പുറത്തുവന്നു.

തിരുവനന്തപുരം: കേരളത്തില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധ ഇല്ലെന്ന് റിപ്പോര്‍ട്ട്. രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്ന ആര്‍ക്കും കൊറോണ വൈറസില്ലെന്ന് പരിശോധന ഫലം പുറത്തുവന്നു.

കേരളത്തില്‍ നിന്ന് നാല് സാമ്പിളുകളാണ് അയച്ചിരുന്നത്. ഇതില്‍ നാലിലും കൊറോണ വൈറസിന്റെ സാന്നിധ്യം നെഗറ്റീവാണ്. നേരത്തേ രണ്ട് സാമ്പിളുകള്‍ അയച്ച് നല്‍കിയതും നെഗറ്റീവായിരുന്നു.

എങ്കിലും ആശുപത്രികളിലടക്കം ജാഗ്രതാ നിര്‍ദേശം തുടരാന്‍ തന്നെയാണ് തീരുമാനം. 288 പേരാണ് കൊറോണ രോഗലക്ഷണങ്ങളുണ്ടെന്ന നിഗമനത്തില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിച്ച ആറ് പേരുടെ പരിശോധനാഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ഏതെങ്കിലും കേസുകള്‍ കൊറോണ പോസിറ്റീവായാല്‍ നേരിടാനുള്ള ഉപകരണങ്ങള്‍ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്തേ വ്യക്തമാക്കിയിരുന്നു.

Exit mobile version