നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; ഗവർണറെ നിയമസഭയിൽ തടഞ്ഞ് പ്രതിപക്ഷം; ഗോ ബാക്ക് വിളികൾ; ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കവാടത്തിൽ തടഞ്ഞ് കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം.നിയമസഭയിൽ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിക്കാനാണ് നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെത്തിയത്. എന്നാൽ അദ്ദേഹത്തെ പ്രതിപക്ഷം തടയുകയും ഗോ ബാക്ക് വിളികളുമായി കനത്ത പ്രതിഷേധം രേഖപ്പെടുത്തുകയുമായിരുന്നു.

നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് ആനയിച്ച ഗവർണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുമായി തടഞ്ഞു. ‘ഗോബാക്ക്’ വിളികളുമായി ഗവർണക്കുമുന്നിൽ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആൻഡ് വാർഡ് പിടിച്ചുമാറ്റി. ഇതേതുടർന്ന് വാച്ച് ആന്റ് വാർഡുും പ്രതിപക്ഷവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വാച്ച് ആൻഡ് വാർഡിന്റെ വലയത്തിൽ സ്പീക്കറുടെ ഡയസിലെത്തിയ ഗവർണർ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിക്കുകയായിരുന്നു. മലയാളത്തിൽ നിയമസഭയെ അഭിസംബോധന ചെയ്ത ഗവർണർ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയിൽ പ്രതിപക്ഷം മുദ്രാവാക്യങ്ങൾ മുഴക്കി സഭ ബഹിഷ്‌കരിച്ചു. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.

പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് നിലപാടെടുത്ത ഗവർണറുടെ പ്രസംഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18ാം ഖണ്ഡികയോടാണ് ഗവർണർക്ക് എതിർപ്പ്. ഈ ഖണ്ഡിക സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അംഗീകരിച്ച നയം ഗവർണർ എതിർപ്പില്ലാതെ പിന്തുടരുകയാണ് വേണ്ടതെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

Exit mobile version