മനുഷ്യശൃംഖലയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെന്ന് മജീദ്; വേണ്ടെന്നു കുഞ്ഞാലിക്കുട്ടിയും മുനീറും; ലീഗില്‍ ഭിന്നത

കോഴിക്കോട്: എല്‍ഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യമഹാശൃംഖലയില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ ലീഗില്‍ ഭിന്നത. മനുഷ്യമഹാശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പ്രസ്താവനയെ തള്ളി എംകെ മുനീര്‍.

മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന്റെ പേരില്‍ നടപടി ആവശ്യമില്ലെന്നും,പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും എംകെ മുനീര്‍ പറഞ്ഞു. മനുഷ്യശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദം ആക്കേണ്ടതില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകള്‍ പങ്കെടുത്തതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

മനുഷ്യ മഹാശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് നേരത്തെ കെപിഎ മജീദ് പ്രതികരിച്ചത്.ഇതേക്കുറിച്ച് ഇപ്പോള്‍ അറിയില്ല. പ്രാദേശി നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നുമായിരുന്നു മജീദ് തിരുവനന്തപുരത്ത് പറഞ്ഞത്. മനുഷ്യമഹാശൃംഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും പങ്കെടുത്തത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കെപിഎ മജീദിന്റെ പ്രതികരണം.

Exit mobile version