കവടിയാർ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ എസി അടിച്ചുമാറ്റി; പ്രതി പോലീസ് വലയിൽ

തിരുവനന്തപുരം: കവടിയാറിലെ സിവിൽ സർവീസ് പരീക്ഷ പരിശീലന കേന്ദ്രത്തിലെ എസി യൂണിറ്റ് മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശി സെയ്ദാലിയാ(56 )ണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. ഇയാൾ മറ്റുനിരവധി കേസുകളിൽ പ്രതിയാണ്.

കവടിയാറിൽ പ്രവർത്തിച്ചു വരുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഗ്ലോബൽ ഐഎഎസ് അക്കാദമിയിൽ നിന്നാണ് ഇയാൾ എസി യൂണിറ്റ് മോഷ്ടിച്ചത്. ഗ്ലോബൽ അക്കാദമിയിലെയും സമീപ സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള ദൃശ്യം ലഭിച്ചിരുന്നില്ല. തുടർന്ന് സമാന കേസുകളിൽ ഉൾപ്പെട്ട പ്രതികളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ പോലീസ് തിരയുന്ന വിവരം അറിഞ്ഞ് ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് ഒളിച്ചുതാമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

മ്യൂസിയം പോലീസ് ഇൻസ്‌പെക്ടർ സന്തോഷ് ജെ, സബ് ഇൻസ്‌പെക്ടർ ഷാഫി ബിഎം, ശ്യാംരാജ് നായർ, സനൽകുമാർ, എഎസ്‌ഐ ഷാജി, എസ്‌സിപിഒ മാരായ സജിത്ത്, മണികണ്ഠൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Exit mobile version