കൊറോണ വൈറസ്; രോഗലക്ഷണങ്ങളുമായി ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

കളമശ്ശേരി: ചൈനയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. മുപ്പത് വയസുള്ള യുവാവിനെയാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാള്‍ ഒരു മാസത്തെ ചൈനാ സന്ദര്‍ശനത്തിന് ശേഷം ഡിസംബര്‍ 21നാണ് തിരിച്ചെത്തിയത്.

ഇയാളെ വിശദമായി പരിശോധിച്ചതിന് ശേഷമേ കൊറോണ വൈറസ് ബാധയുണ്ടോ എന്നതടക്കമുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ടെന്നും ജാഗ്രതയുടെ ഭാഗമായാണ് യുവാവിനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. യുവാവിന്റെ രക്ത സാമ്പിള്‍ ഇന്ന് തന്നെ പുനെയിലെ വൈറോളജി ലാബിലേക്ക് അയക്കുന്നുണ്ട്.

അതേസമയം കോട്ടയത്ത് ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും നിരീക്ഷണത്തിലാണ്. ചൈനയില്‍ കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡിഎംഒ അറിയിച്ചിരിക്കുന്നത്. തൃശ്ശൂരില്‍ ഏഴ് പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ
മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version