‘ആസാദി വിളിക്കാന്‍ വന്നവര്‍ പേജില്‍ ക്യൂ പാലിക്കണം, മറ്റുള്ളവര്‍ക്കും സൗകര്യമൊരുക്കു’; യോഗിക്ക് ഫേസ്ബുക്കിലും രക്ഷയില്ല, പ്രതിഷേധമറിയിച്ച് മലയാളികളും

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ഫേസ്ബുക്കില്‍ മലയാളികളുടെ വ്യാപക പ്രതിഷേധം. ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്കിലെ ഫോട്ടോകള്‍ക്ക് താഴെ പ്രതിഷേധ വാക്കുകള്‍ കൊണ്ട് പൊതിഞ്ഞത്. യോഗിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഒരുമിച്ചുള്ള ഫോട്ടോകള്‍ക്ക് ഏകദേശം 58000 ലേറെ കമന്റുകളാണ് ഇതിനകം വന്നിട്ടുള്ളത്.

ഇതില്‍ കൂടുതല്‍ പേരും ആസാദി എന്നുമാത്രം എഴുതി പ്രതിഷേധിച്ചവരാണ്. ബീഫ് റോസ്റ്റും ബീഫ് ഫ്രൈയും അടക്കമുള്ള ചിത്രങ്ങളും വീഡിയോകളും കമന്റ് ചെയ്ത് പ്രതിഷേധിച്ചവരുമുണ്ട്. ആസാദി വിളിക്കാന്‍ വന്നവര്‍ പേജില്‍ ക്യൂ പാലിക്കണമെന്നും മറ്റുള്ളവര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കണമെന്നും കമന്റ് ചെയ്തവരുമുണ്ട്.

യോഗിയുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധ കമന്റുകള്‍ നിറഞ്ഞതിന് പിന്നാലെ യോഗിയെ അനുകൂലിക്കുന്നവരും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കാന്‍പുരിലെ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് ആസാദി മുദ്രവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് യോഗി പറഞ്ഞത്. ഇതിന് പിന്നാലെയാണ് മലയാളികളുടെ പ്രതിഷേധ കമന്റ്‌സ്.

Exit mobile version